തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ താര പരിവേഷം നല്‍കാനും സമൂഹ മാധ്യമങ്ങളിലും പുറത്തും ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് സിപിഎമ്മില്‍ വിമര്‍ശനം. സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. അഷീലിനെ പുറത്താക്കാനുള്ള പ്രധാന കാരണവും ഇതാണ്. കഴിഞ്ഞ ദിവസമാണ് അഷീലിനെ സ്ഥാനത്തു നിന്ന് നീക്കിയത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ കൂട്ടായ യജ്ഞമാണെന്നിരിക്കെ കെ.കെ. ശൈലജ അത് തന്റെ നേട്ടമാക്കി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണം നടത്തിയെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശൈലജയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പു കാലത്തും അതിനു ശേഷവും ഈ പ്രചാരണം തുടര്‍ന്നു. സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ചതു പോലും തന്റെ കഴിവു കൊണ്ടാണെന്ന് ശൈലജയും അവര്‍ക്കു വേണ്ടി പ്രചാരണ ചുമതലയേറ്റെടുത്തവരും പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കിയും സാമൂഹ്യ മാധ്യമ ഇടപെടലിന് വലിയ തോതില്‍ പണമൊഴുക്കിയുമായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ മുകളിലാണ് താനെന്ന തരത്തിലാണ് കെ.കെ. ശൈലജ ഇടപെട്ടതെന്നും വിമര്‍ശനമുയര്‍ന്നു.
ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഡോ. മുഹമ്മദ് അഷീലാണെന്നാണ് സിപിഎം വിലയിരുത്തല്‍. സാമൂഹ്യ മാധ്യമ ഇടപെടലിനായി നാലു കോടിയോളം രൂപ ചെലവഴിച്ചത്രേ. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ രാജ്യാന്തര തലത്തില്‍ കെ.കെ. ശൈലജയ്ക്കു വേണ്ടി പ്രചാരണങ്ങളുണ്ടായി. സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് വലിയ തോതില്‍ പണം ചെലവഴിച്ചു. താല്പര്യമുള്ള ആശുപത്രികള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം പണം വന്‍തോതില്‍ വിവിധ പദ്ധതികളുടെ പേരില്‍ നല്കി.
ഇത്തരം നിരവധി ആരോപണങ്ങളെ തുടര്‍ന്നാണ് സിപിഎം അഷീലിനെ സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയുള്ള ഉത്തരവ് ഇക്കഴിഞ്ഞ ആറാം തീയതി ഇറങ്ങി. ഇതറിഞ്ഞ അഷീല്‍ വകുപ്പു സെക്രട്ടറി ബിജു പ്രഭാകരന് കത്തു നല്കി. നാണക്കേട് ഒഴിവാക്കാനായിരുന്നു ഇത്. അതിന്റെ അടിസ്ഥാനത്തില്‍ മാതൃവകുപ്പിലേക്ക് തിരിച്ചയയ്ക്കുന്നു എന്ന തരത്തില്‍ മറ്റൊരു ഉത്തരവ് ഏഴാം തീയതി നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യ ഉത്തരവ് റദ്ദാക്കിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: