കൊല്ലം: ചുവപ്പുനാടയുടെ കുരുക്കില്‍പ്പെട്ട് കൊല്ലം കളക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് പതിനായിരത്തിലധികം ഫയലുകള്‍. കളക്ട്രേറ്റിലെ വിവിധ സെക്ഷനുകളിലായി 11800 പരാതി ഫയലുകളാണ് പരിഹാരം കാണാതെ ഉള്ളത്.
ഫയലുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഓരോ പരാതികളും ഓരോരുത്തരുടെ ജീവിതമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നിരവധി ഫയലുകളാണ് ലോങ്ങ് പെന്‍ഡിങ് ഇട്ട് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിക്ക് മുമ്പും ജില്ലാ ഭരണകൂടത്തില്‍ കൃത്യമായ ഫയല്‍ നോട്ടം ഉണ്ടായിരുന്നില്ല എന്ന ആക്ഷേപമുണ്ട്.
കൊറോണയുടെ പേരില്‍ പഞ്ചിംഗ് സംവിധാനത്തിന് ഇടവേള നല്കിയതിനാല് ക്ലറിക്കല്‍ സീറ്റുകളില്‍ ആളുകള്‍ കൃത്യമായി എത്താറില്ല. ഓരോ സെക്ഷനുകളിലും തറയിലും ചാക്കില്‍ കെട്ടിയ നിലയിലും പൊടിപിടിച്ച് കിടക്കുന്ന ഫയല്‍ കൂമ്പാരങ്ങള്‍ വെറും കെട്ടുകളല്ല, പാവപ്പെട്ടവരുടെ ജീവിതമാണ്.
ഒരു പരാതി സമര്‍പ്പിക്കാന്‍ എത്തുന്ന ആളുകളെ നിസാര തിരുത്തുകള്‍ പറഞ്ഞു മടക്കി അയക്കുന്ന സ്ഥിതിയാണ് ഉള്ളത്. ചെറിയ പരാതികള്‍ പോലും പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നു. പട്ടയപ്രശ്നം, പെന്ഷന്, കുടിനീര്‍ക്ഷാമം, റേഷന്‍ കാര്‍ഡ്, ചികിത്സാ ആനുകൂല്യങ്ങള്‍, വസ്തു സംബന്ധമായ പലവിധ പരാതികള്‍ എന്നിവയ്ക്കൊന്നും പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജില്ലയില്‍ നിരവധി ആളുകളാണ് പട്ടയം ഇല്ലാതെ കഴിയുന്നത്. ഇവരുടേത് ഉള്‍പ്പടെയുള്ള പരാതി ഫയലുകള്‍ തീര്‍പ്പാക്കേണ്ടതുണ്ട്. കൊവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് കളക്ട്രേറ്റിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ പരാതികള്‍ക്ക് പരിഹാരം തേടാന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍.
ആര്‍ഡിഒ, വില്ലേജ്, തഹസില്‍ദാര്‍ ഓഫീസുകളിലായി 38500 ഫയലുകളാണ് തീര്‍പ്പാക്കാതെ നിലവില്‍ കെട്ടിക്കിടക്കുന്നത്. കൊവിഡ് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കേണ്ടതിനാല് ഇതര ഫയലുകള്‍ തീര്‍പ്പാക്കാന്‍ നേരം കിട്ടുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പറയുന്നത്. ജോലിക്കെത്തുന്ന ജീവനക്കാര്‍ ദിവസവും ഒരു മണിക്കൂര്‍ വീതം അധികജോലി ചെയ്താല്‍ ഈ മഹാമാരി കാലത്ത് ഒട്ടെറെപേര്ക്ക് അത് ഗുണകരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം ജീവനക്കാരുടെ സേവനം മാത്രമാണിപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്ളത്. ഇവരില്‍ നല്ലൊരു ശതമാനവും കൊവിഡിന്റെ മറവില്‍ കൃത്യമായി ജോലിക്കെത്താറുമില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരില്‍ കാര്യപ്രാപ്തിയുള്ളവരെ കണ്ടെത്തി ഓരോ മാസവും അവര്‍ക്ക് പുരസ്കാരം നല്‍കിയിരുന്ന കളക്ടര്‍ ആ പരിപാടി അവസാനിപ്പിച്ചതോടെ ഉദ്യോഗസ്ഥരുടെ ഇടയില്‍ അലസത വര്‍ധിച്ചതായാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: