ന്യൂഡല്‍ഹി: പി.എം കെയേര്‍സ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 1500 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ രാജ്യത്ത് ഒരുങ്ങിക്കൊണ്ടിരിക്കുന്നതായി കേന്ദ്രം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കിയത്.
പ്ലാന്റുകള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നാല് ലക്ഷം ഓക്‌സിജന്‍ ബെഡ്ഡുകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ സാധിക്കും. പ്രവര്‍ത്തന യോഗ്യമാവുന്നതോടെ ഓക്‌സിജന്‍ വിതരണത്തിനുണ്ടാവുന്ന ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് വകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കാവിഡ് സ്ഥിതിഗതികള്‍, മെഡിക്കല്‍ ഓക്‌സിജന്റെ എന്നി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. എത്രയും വേഗത്തില്‍ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
















