കൊച്ചി: തെലങ്കാനയില്‍ നിക്ഷേപ പദ്ധതികള്‍ക്കായുള്ള ചര്‍ച്ചകള്‍ അടക്കം നീക്കം ആരംഭിച്ചതോടെ കിറ്റെക്സ് ഓഹരിവില കുതിച്ചുയര്‍ന്നു. രണ്ട് ദിവസം കൊണ്ട് 13 ശതമാനം വര്‍ധനയാണ് ഓഹരിയിലുണ്ടായത്. ഇന്ന് 113 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരിവില 135 രൂപയിലേക്ക് ഉയര്‍ന്നു. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റെക്സ് ഓഹരി വില 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു. എന്നാല്‍, തെലങ്കാന അടക്കം സംസ്ഥാനങ്ങള്‍ കിറ്റെക്സിനെ ക്ഷണിച്ചതോടെ കമ്പനി ഓഹരികള്‍ കുതിച്ചുയരുകയായിരുന്നു.
നേരത്തെ, ഹൈദരാബാദിലേക്ക് പുറപ്പെടും മുന്‍പ് കേരള സര്‍ക്കാരിനെ രൂക്ഷമായി സാബു ജേക്കബ് വിമര്‍ശിച്ചിരുന്നു. താന്‍ സ്വയം കേരളത്തില്‍ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിച്ചതാണെന്നു സാബു ജേക്കബ് പറഞ്ഞിരുന്നു. നമ്മള് ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂവെന്നും സാബു. കേരളത്തില്‍ നിന്നു പുറത്തു നിക്ഷേപത്തിനായി പോകുന്നതില്‍ വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല.
ഇത് തന്റെ മാത്രം പ്രശ്നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്നമാണ് സ്ത്രീകളുടെ പ്രശ്നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്നമാണ്. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്. എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കും. ഈ നാട്ടില്‍ ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും സാബു ജേക്കബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: