തിരുവനന്തപുരം: കേരളം വിടാനുള്ള കിറ്റെക്സ് ഉടമ സാബു ജേക്കബ് എന്ന ചങ്കുറപ്പുള്ള മനുഷ്യന്റെ തീരുമാനത്തിന് കൈയ്യടിയെന്ന് പ്രമുഖ ട്രാവല്‍ ഓട്ടോമൊബൈല്‍ എഴുത്തുകാരന്‍ ബൈജു എന്‍.നായര്‍. കേരളം ഒരു തരത്തതിലും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നു പണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി,നോക്കുകൂലിക്കെതിരെ പ്രതികരിച്ച്,സ്വയം സാധനങ്ങള്‍ ലോറിയില്‍ നിന്ന് ഇറക്കിയപ്പോഴേ സാബു മനസിലാക്കേണ്ടിയിരുന്നെന്ന് ബൈജു ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ജനറൽ മോട്ടോർസ് ഇന്ത്യയിൽ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ച കാലം.അന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മലയാളിയായ പി ബലേന്ദ്രനാണ് .അടുത്ത പ്ലാന്റ് എവിടെ സ്ഥാപിക്കണമെന്ന് ചർച്ച ചെയ്യാനായി കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നു.ഓരോരുത്തരും ഓരോ സംസ്ഥാനങ്ങൾ നിർദേശിച്ചു.ബാലേന്ദ്രൻ പറയാനായി വാ തുറന്നപ്പോൾ ജനറൽ മോട്ടോഴ്സിന്റെ അന്നത്തെ അമേരിക്കക്കാരനായ പ്രസിഡന്റ് പറഞ്ഞു:Anyway,not in your state ,Bala..
അമേരിക്കക്കാരനു പോലും അറിയാം,കേരളത്തിലെ നിക്ഷേപക സൗഹൃദാന്തരീക്ഷം!
അടുത്ത കഥ:എന്റെ സുഹൃത്ത് സഹീർ കടം വാങ്ങിയും കഷ്ടപ്പെട്ടും ബ്രാൻഡഡ് കമ്പ്യൂട്ടർ നിർമിച്ചു .കഠിനപ്രയത്നം മൂലം ഒന്ന് രണ്ടു വർഷം കൊണ്ട് സാമാന്യം വിൽപ്പന നേടി.അപ്പോൾ വരുന്നു,ഉദ്യോഗസ്ഥപ്പട.സഹീറിന്റെ വാക്കുകളിൽ പറഞ്ഞാൽ,’ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ ടെൻഷനാണ്.ഇന്ന് എന്ത് കുരിശാണ് കാത്തിരിക്കുന്നത് എന്ന്.എല്ലാ ദിവസവും സെയിൽസ് ടാക്സിന്റെ വരാന്തയിൽ കുത്തിയിരുന്നു മടുത്തു.ചുമട്ടു തൊഴിലാളികളുമായി മല്ലിട്ട് സ്വയം ശപിച്ചു.അങ്ങനെ ഇരിക്കെ വലിയൊരു പിഴ ചുമത്തി സെയിൽസ് ടാക്സ് ദ്രോഹനടപടികളുടെ അടുത്ത നടപടികളിലേക്ക് കടന്നപ്പോൾ സഹീർ എല്ലാം അടച്ചു പൂട്ടി കേസും കൂട്ടവുമായി കുറേക്കാലം ജീവിച്ചു.എന്നിട്ട് ചൈനയിലേക്ക് കടന്നു.10 വര്ഷം കഴിഞ്ഞപ്പോൾ സഹീർ ചൈനയിലെ പ്രമുഖ എക്സ്പോർട്ടിങ് കമ്പനി ഉടമയാണ്.
കേരളം വിടാനുള്ള കിറ്റെക്സ് ഉടമ സാബു ജേക്കബ് എന്ന ചങ്കുറപ്പുള്ള മനുഷ്യന്റെ തീരുമാനത്തിന് എന്റെ കൈയ്യടി .വ്യവസായ മന്ത്രി ഉൾപ്പെടെ കേരളത്തിലെ ഒരു രാഷ്‌ട്രീയക്കാരനും ഇവിടെ ഒരു വ്യവസായവും വരണമെന്നും നന്നായിക്കാണണമെന്നും വിചാരമില്ല.തരം കിട്ടുമ്പോഴൊക്കെ ദ്രോഹിക്കാനും തെരഞ്ഞെടുപ്പ് കാലത്ത് നാണമില്ലാതെ കൈനീട്ടി ഫണ്ട് വാങ്ങാനും മാത്രമുള്ളവരാണ്,അവരുടെ കണ്ണിൽ വ്യവസായികൾ.’അയ്യോ സാബു പോകല്ലേ,ഞങ്ങൾ ഇനി നന്നായിക്കോളാം’ എന്നുള്ള ഭരണപക്ഷത്തിന്റെ മുതലക്കണ്ണീരും പ്രലപനവും കേട്ട് സാബുവെങ്ങാനും ഇവിടെ തുടരാൻ തീരുമാനിച്ചാൽ ശ്രീനിജൻമാരും രാജീവുമാരും ലോക്കൽ നേതാക്കന്മാരും ചേർന്ന് സാബുവിന്റെ ജീവിതം കുട്ടിച്ചോറാക്കും ,അല്ലെങ്കിൽ സാബു കിറ്റെക്സിന്റെ കഴുക്കോലിൽ തൂങ്ങി മരിക്കും.
അങ്ങനെ തൂങ്ങി മരിച്ച നിരവധി വ്യവസായികളുടെ വ്യർഥ ജീവിതത്താളിലേക്ക് പേരെഴുതി ചേർക്കാതെ നെഞ്ച് വിരിച്ചു നിന്ന് പോരാടാനുറയ്‌ക്കുകയും രാഷ്‌ട്രീയ ഊളകളുടെ മുന്നിൽ ഒട്ടും താഴ്ന്നു കൊടുക്കാതെ കേരളം വിടുകയും ചെയ്യുന്ന സാബുവിന് എന്റെ കൈയ്യടി,വീണ്ടും.
കേരളം ഒരു തരത്തതിലും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നു പണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി,നോക്കുകൂലിക്കെതിരെ പ്രതികരിച്ച്,സ്വയം സാധനങ്ങൾ ലോറിയിൽ നിന്ന് ഇറക്കിയപ്പോഴേ സാബു മനസിലാക്കേണ്ടിയിരുന്നു.
ഇനിയെങ്കിലും കേരളത്തിലെ ഒരു ഭരണാധികാരിയും നിക്ഷേപ സൗഹൃദത്തിന്റെ പേരും പറഞ്ഞു വ്യവസായികളെ ആകർഷിച്ചു കൊണ്ടു വന്നു കൊലയ്‌ക്ക് കൊടുക്കരുത്,പ്ളീസ്.
നമുക്ക് കള്ള് വിറ്റ് വിറ്റ് കേരളത്തിന്റെ ഖജനാവ് നിറയ്‌ക്കാം.
ഞങ്ങൾ കുടിക്കാൻ റെഡി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: