തിരുവനന്തപുരം: ആരും വിളിക്കണ്ട… ജീവന് പണയംവച്ച് ദുരന്തമുഖങ്ങളിലെല്ലാം ജീവന്റെ തുടിപ്പുകള്‍ തേടിയെത്തുന്ന ഒരു രക്ഷകനുണ്ട് തലസ്ഥാനത്ത്. തിരുവനന്തപുരം വിതുര ഗോകില്‍ എസ്റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകന് രഞ്ജിത്ത് ഇസ്രയേല്‍ (33).
എട്ട് വര്‍ഷത്തിനിടെയുണ്ടായ അഞ്ച് ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദുരന്ത പ്രതികരണസേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. എന്‍ഡിആര്‍എഫ് (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്) സംഘം ദുരന്തഭൂമിയിലെത്തുമ്പോള്‍ രക്ഷാദൗത്യവുമായി ആദ്യമെത്തുന്ന സിവിലിയന്‍. 2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, രണ്ടു മാസം മുമ്പ് ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തം ഇവിടെയൊക്കെ രക്ഷാപ്രവര്‍ത്തകനായി രഞ്ജിത്ത് മുന്നിലുണ്ടായിരുന്നു. പ്രതിഫലം ഒന്നുമില്ലാത്ത രാഷ്ട്രസേവനം.
സൈന്യത്തില്‍ കമാന്‍ഡോ ആകാനായിരുന്നു രഞ്ജിത്തിന്റെ എറ്റവും വലിയ മോഹം. അതിനായി കുട്ടിക്കാലം മുതല്‍ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പഞ്ചഗുസ്തി, ബോഡി ബില്‍ഡിങ്, നീന്തല്‍ എന്നിവയിലൊക്കെ പ്രതിഭ തെളിയിച്ചു. മൂന്നു തവണ ജൂനിയര്‍ മിസ്റ്റര്‍ ട്രിവാന്‍ഡ്രമായി. 2005ല്‍ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യക്കായി മധ്യപ്രദേശില്‍ നടന്ന ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത രഞ്ജിത്ത് ആദ്യ പത്തിലെത്തി. രഞ്ജിത്തിന്റെ സൈനിക സ്വപ്നങ്ങള്‍ തകര്‍ത്തത് 21-ാം വയസില്‍ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗമായിരുന്നു. നീണ്ട നാളത്തെ ചികിത്സകള്‍ക്ക് ശേഷം രോഗം ഭേദമായി. അപ്പോഴേക്കും സൈന്യത്തില്‍ ചേരാനുള്ള പ്രായം അതിക്രമിച്ചു.
സൈന്യത്തില്‍ ചേരാനായില്ലെങ്കിലും ദുരന്തങ്ങള്‍ നടക്കുന്നിടത്ത് രക്ഷകനായി ഓടിയെത്താന്‍ രഞ്ജിത്ത് തീരുമാനിച്ചു. അതിനായി ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പര്‍വതാരോഹണം, ഫോറസ്റ്റ് സര്‍വൈവിങ് ടെക്നിക്സ്, പവര്‍ബോട്ട് ഒാപ്പറേഷന്‍സ് എന്നിവയിലൊക്കെ പരിശീലനം നേടി. തുടര്‍ന്ന് സൗജന്യ സേവനവുമായി ദുരന്തമുഖങ്ങളിലേക്ക്.
മികവാര്‍ന്ന സേവനത്തിന് അതതു ജില്ലകളിലെ കളക്ടര്‍മാര്‍ നല്‍കിയിട്ടുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് രഞ്ജിത്തിന് ആകെയുള്ള സമ്പാദ്യം. അടിക്കടി ദുരന്തങ്ങളുണ്ടാവുന്ന നാടാണ് കേരളം. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അനുഭവസമ്പത്തും സാങ്കേതിക പരിജ്ഞാനവുമുള്ള രഞ്ജിത്തിന്റെ അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതേവരെ സാധിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ തന്നെ ആദരിക്കുമ്പോള്‍ അവഗണനയാണ് മാതൃസംസ്ഥാനം തനിക്ക് നല്‍കുന്നതെന്ന് രഞ്ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: