ഗ്വാട്ടിമാല സിറ്റി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ഡോ. അലജാന്‍ഡ്രോ ജിയാമട്ടിയുമായി കൂടിക്കാഴ്ച നടത്തി. തനി കേരളീയ വേഷത്തില്‍ കസവ് മുണ്ടും വെളുത്ത ജൂബ്ബയും ധരിച്ചാണ് മുരളീധരന് എത്തിയത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് അസുഖം ഉള്ള അലജാന്‍ഡ്രോ ജിയാമട്ടി വര്‍ഷങ്ങളായി ഊന്നുവടികളുടെ സഹായത്താലാണ് നടക്കുന്നത്. മുഷ്ടി ചിരുട്ടി മുട്ടിച്ച ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തു.
കൊവിഡ് മഹാമാരി നേരിടാന്‍ ഇന്ത്യ നല്കിയ സഹായത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഗ്വാട്ടിമാല പ്രസിഡന്റ് നന്ദി അറിയിച്ചു. ഉഭയ കക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് കൂടികാഴ്ചയില്‍ അറിയിച്ചു.
വിദേശകാര്യ മന്ത്രി ഡോ. പെഡ്രോ ബ്രോലോ വില, ധനകാര്യ മന്ത്രി ടോണി മാലൂഫ്യോ, ഉപ വിദേശകാര്യ മന്ത്രി അമ്പ് ഷേര്‍ളി അഗ്യുലാര്‍ എന്നിവരുമായും മുരളീധരന് വിവിധ ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദ്ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഗ്വാട്ടിമാലയിലെ ബിസിനസ്സ് നേതാക്കളെയും ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി മേധാവികളെയും അദ്ദേഹം അഭിസംബോധന ചെയ്തു.
ഇന്ത്യന്‍ എംബസി പരിസരത്ത് മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ടാണ് മുരളീധരന് സന്ദര്‍ശനം ആരംഭിച്ചത്. പിന്നീട് ഗ്വാട്ടിമാലയിലെ യോഗ സമൂഹവുമായി സംവദിക്കുകയും ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ പങ്കെടുത്ത യോഗ സ്ഥാപനങ്ങളെ അനുമോദിക്കുകയും ചെയ്തു.
പരസ്പര വിശ്വാസവും വികസന പങ്കാളിത്തവും ഉറപ്പിക്കുന്ന ഗ്വാട്ടിമാലയുമായി ഇന്ത്യ അടുപ്പവും ഊഷ്മളവും സൗഹൃദപരവുമായ ബന്ധം പങ്കിടുന്നു. സമീപകാലത്ത്, ഗ്വാട്ടിമാലയുമായുള്ള ഇന്ത്യയുടെ ഇടപെടല്‍ വിവിധ മേഖലകളില്‍ ശക്തമായി. 2018 മെയ് 6-8 മുതല്‍ ഗ്വാട്ടിമാലയിലെ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ പതിവായി ഉയര്‍ന്ന തലത്തിലുള്ള സന്ദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്.
ഇന്ത്യന്‍ സാങ്കേതിക, സാമ്പത്തിക സഹകരണ (ഐടിഇസി) പദ്ധതിയുടെ പ്രധാന ഗുണഭോക്താവ് കൂടിയാണ് ഗ്വാട്ടിമാല. 2020-21ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 309.86 ദശലക്ഷം യുഎസ് ഡോളറായിരുന്നു. ഗ്വാട്ടിമാലയില്‍ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍ക്ക് കാര്യമായ നിക്ഷേപമുണ്ട്.
കോവിഡ് 19 പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സഹായിക്കുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ പ്രതി ബദ്ധതയുടെ ഭാഗമായി ഇന്ത്യ 200000 ഡോസ് മേഡ്-ഇന്‍-ഇന്ത്യ കോവിഷീല്‍ഡ് വാക്സിനുകള്‍ ഗ്വാട്ടിമാലയ്ക്ക് സംഭാവന ചെയ്യുകയും മഹാമാരിയുടെ സമയത്ത് വൈദ്യസഹായം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: