കൊച്ചി: സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ അടിയേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ ബിജോയ് നിരവധി സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാള്‍.ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ബിജോയ് തെരഞ്ഞെടുപ്പ് സമയത്താണ് വീണ്ടും ജോലിയില്‍ കയറിയത്. മുമ്പ് പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നോര്‍ത്ത് ഇടപ്പള്ളി പോണേക്കര അംബേദ്കര്‍ റോഡ് കണ്ണന്‍ നിവാസില്‍ കൃഷ്ണകുമാര്‍ (കണ്ണന്‍ 32) ആണ് കൊല്ലപ്പെട്ടത്. എറണാകുളം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫിസര്‍ അമൃത ആശുപത്രിക്കു സമീപം വൈമേലില്‍ ബിജോയ് ജോസഫും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുംപുറം പീലിയോട് പുഴയോരത്തെ വള്ളക്കടവിന് സമീപം തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു കൊലപാതകം. കുന്നുംപുറം ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാര്‍ മറ്റൊരാളില്‍ നിന്നു 50,000 രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ പതിനായിരം രൂപ കൃഷ്ണ കുമാറില്‍ നിന്നു നെട്ടൂര്‍ സ്വദേശി ഫൈസല്‍ കടം വാങ്ങിയതായി പോലീസ് പറയുന്നു. ഈ തുക തിരിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ടു കൃഷ്ണകുമാറും ഫൈസലും തമ്മില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി പുഴയോരത്ത് മദ്യപിച്ചു കൊണ്ടിരുന്നു ബിജോയിയും ഫൈസലുമുള്‍പ്പെട്ട സംഘം കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഓട്ടോയിലാണ് കൃഷ്ണകുമാര്‍ എത്തിയത്. തുടര്‍ന്നു സംഘാംഗങ്ങളും കൃഷ്ണകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈവശമുണ്ടായിരുന്ന കമ്പിവടി ഉപയോഗിച്ചു കൃഷ്ണകുമാറിനെ സംഘം മര്‍ദിക്കുകയായിരുന്നു. ദേഹമാസകലം മര്‍ദനമേറ്റ ഇയാള്‍ അവശനായി നിലത്തു വീണു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നിരുന്നു. പോലീസ് വാഹനത്തില്‍ കൃഷ്ണകുമാറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബിജോയിയേയും ഫൈസലിനെയും രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തു നിന്നു കമ്പിവടി കണ്ടെടുത്തു. ഫൈസലിന്റെ ഭാര്യയെ കളിയാക്കിയതുമായി ബന്ധപ്പെട്ടു കൃഷ്ണകുമാറും ഫൈസലും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി കെ.ലാല്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: