ന്യൂദല്‍ഹി: ആഗോള സൈബര്‍ സുരക്ഷ സൂചികയില്‍ ഇന്ത്യയുടെ റാങ്ക് പത്ത്. കഴിഞ്ഞ വര്‍ഷത്തെ 47ാം റാങ്കില്‍ നിന്നാണ് 37 റാങ്കുകള്‍ മുന്നോട്ട് കുതിച്ച് ഇന്ത്യ പത്താം സ്ഥാനത്തേക്ക് എത്തിയത്.
ഐക്യരാഷ്ട്രസഭയാണ് ഈ ആഗോള സൈബര്‍ സുരക്ഷ സൂചിക 2020 പ്രസിദ്ധീകരിച്ചത്. ഐക്യരാഷ്ട്രസഭയിലെ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് ആണ് 194 അംഗരാഷ്ട്രങ്ങളുടെ സൈബര്‍ സുരക്ഷയോടുള്ള പ്രതിബദ്ധത കണക്കാക്കി റാങ്ക് നിശ്ചയിക്കുന്നത്. 2018ലെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വെറും 47 ആയിരുന്നു.
ഏഷ്യ പസഫിക് മേഖല മാത്രമെടുത്താന്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. വിവിധ വ്യവസായങ്ങളും മേഖലകളുമായി ബന്ധപ്പെട്ട് വിപുലമായ ആപ്ലിക്കേഷന്‍ ഉള്ള വിഷയമാണ് സൈബര്‍ സുരക്ഷയുടേത്. ഓരോ രാജ്യത്തിന്റെയും ഈ മേഖലയിലെ പ്രതിബദ്ധതയും വികസനവും അളക്കുന്നത് അഞ്ച് തൂണുകളെ അടിസ്ഥാനമാക്കിയാണ്. 1. നിയമനടപടികള്‍ 2. സാങ്കേതിക നടപടികള്‍ 3. സംഘടനാപരമായ നടപടികള്‍ 4. ഉള്‍ക്കൊള്ളാനുള്ള കഴിവിന്റെ വികസനം 5. സഹകരണം എന്നിവയാണ് ഈ അഞ്ച് തൂണുകള്‍.
യുഎസാണ് പട്ടികയില്‍ 100 മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്ത്. യുകെയും സൗദി അറേബ്യയും 99.54 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്താണ്. ഏഷ്യാ പസഫിക് മേഖലയില്‍ തെക്കന്‍ കൊറിയയും സിംഗപ്പൂരും ആണ് മുന്നില്‍. ഇരുരാഷ്ട്രങ്ങളും ആഗോള റാങ്കിങില്‍ നാലാം സ്ഥാനത്താണ്. റഷ്യ, യുഎഇ, മലേഷ്യ എന്നിവയാണ് അഞ്ചാം സ്ഥാനത്ത്. ലിത്വാനിയ ആറും ജപ്പാന് എഴും സ്ഥാനങ്ങളിലാണ്. കാനഡയും ഫ്രാന്‍സും യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ്. തുര്‍ക്കി 11ാം സ്ഥാനത്താണെങ്കില്‍ ജര്‍മ്മനി 13ാം സ്ഥാനത്താണ്. ചൈനയാകട്ടെ 33ാം സ്ഥാനത്താണ്. ഇസ്രയേലിന് വെറും 36ാം സ്ഥാനമേയുള്ളൂ.
2014ല്‍ ഇന്ത്യയില്‍ അഞ്ച് ഡസന്‍ പഞ്ചായത്തുകള്‍ മാത്രമേ ഒപ്റ്റിക് ഫൈബര്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. അഞ്ച് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളാണ് ഒപ്റ്റിക് ഫൈബര്‍ കേബിളിനാല് ബന്ധിക്കപ്പെട്ട് സുഗമമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അടുത്ത ആയിരം ദിവങ്ങള്ക്കുള്ളില് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കാനാണ് മോദിയുടെ ശ്രമം. ഒപ്പം സൈബര്‍ സുരക്ഷയ്ക്കുള്ള നയവും രൂപവല്ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: