ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദത്തിന് അടിവരയിട്ട് ദല്‍ഹിയിലേക്ക് എത്തിയത് 2600 കിലോഗ്രാം മാമ്പഴം. 260 കാര്‍ട്ടണുകളിലായാണ് ഷേഖ് ഹസീന ബംഗ്ലാദേശിലെ ബെനപോള്‍ തുറമുഖം വഴി നരേന്ദ്രമോദിയ്‌ക്ക് 2600 കിലോഗ്രാം മാമ്പഴം അയച്ചത്.
ബംഗ്ലാദേശിലെ പേരുകേട്ട ഹാരിഭംഗ ഇനത്തില്‍പ്പെട്ട മാമ്പഴമാണ് ഷേഖ് ഹസീന അയച്ചത്. റംഗ്പൂര്‍ പ്രദേശത്ത് വളരുന്ന ഏറെ രുചികരമായ ഇനമാണ് ഹാരിഭംഗ.ഉരുണ്ടതും മാംസളവും സമൃദ്ധിയായി നാരുള്ളതും ആയ മാമ്പഴമാണ് ഹാരിഭംഗ. ഒരു മാമ്പഴം 200 മൂതല്‍ 400 ഗ്രാം വരെ തൂക്കം വരും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകചിഹ്നമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള ഈ മാമ്പഴ സമ്മാനമെന്ന് ബെനപോള്‍ കസ്റ്റംസ് ഹൗസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അനുപം ചക്മ പറഞ്ഞു.
ഷേഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഗാഢമായ സൗഹൃദമുണ്ട്. മോദി ഈയിടെ ബംഗ്ലാദേശ് സന്ദര്‍ശിച്ചതും ഈ സൗഹൃദത്തിന്റെ തെളിവാണ്. ബംഗ്ലാദേശില്‍ ജമാ അത്തെ ഉള്‍പ്പെടെയുള്ള തീവ്രവാദശക്തികള്‍ വിലക്കിയിട്ടും മോദിയും സന്ദര്‍ശനത്തിന് ചുവന്ന പരവതാനി വിരിക്കുകയായിരുന്നു ഷേഖ് ഹസീന.
മാമ്പഴം വഴിയുള്ള നയതന്ത്രം തെക്കന്‍ ഏഷ്യയിലെ ഒരു രാഷ്‌ട്രീയപാരമ്പര്യം ആണ്. നേരത്തെ പാക് പ്രസിഡന്‍റുമാരായ സിയാ ഉള്‍ ഹഖും പെര്‍വെസ് മുഷറഫും ഇന്ത്യയിലേക്ക് ധാരാളമായി സൗഹൃദം പുതുക്കി മാമ്പഴം അയയ്‌ക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: