ടോകിയോ: ജപ്പാനിലെ തീരദേശ നഗരമായ അടാമിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം കുത്തനെ കൂടുന്നു. 100 ലേറെ പേരെ കാണാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു മൃതദേഹങ്ങളാണ് ഇതുവരെ പുറത്തെടുക്കാനായത്.
ടോകിയോ നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍ മാറി അറിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ അടാമിയില്‍ ദിവസങ്ങളോളം പെയ്ത മഴക്കൊടുവിലാണ് നഗരത്തെ ഭീതിയിലാക്കി മണ്ണിടിഞ്ഞത്. 20 പേര് കുടുങ്ങിയെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. എന്നാല്‍, 113 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് താമസ രജിസ്റ്റര്‍ പരിശോധിച്ച അധികൃതര്‍ അറിയിച്ചു. 23 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.
വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് നഗര മധ്യത്തിലേക്ക് മണ്ണും വെള്ളവും ഒഴുകുകയായിരുന്നു. 130 കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയവര്ക്കായാണ് തെരച്ചില്‍. മഴ തുടരുന്നതിനാല്‍ സ്ഥിതി പ്രവചനാതീതമാണെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: