കൊച്ചി: കോണ്‍ഗ്രസ് വിട്ടെത്തിയ പി.സി. ചാക്കോ മൂന്നു മാസത്തിനകം തന്നെ ഏകാധിപതിയായി മാറിയതിനെതിരെ എന്‍സിപിയില്‍ കലാപക്കൊടി. കോണ്‍ഗ്രസില്‍ പുറത്താകലിന്റെ വക്കിലായിരുന്ന ചാക്കോയെ ചുവന്ന പരവതാനി വിരിച്ച് എന്‍സിപിയിലേക്ക് എത്തിക്കാന്‍ നേതൃത്വം നല്കിയ മുതിര്‍ന്ന നേതാക്കളടക്കം ഇപ്പോഴത്തെ നടപടികളില്‍ കടുത്ത നിരാശയിലാണ്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും ഒരു പോലെ അപ്രിയനായി മാറിയ ഘട്ടത്തിലാണ് ഇടതുമുന്നണിക്ക് തുടര്‍ഭരണ സാധ്യതയുണ്ടെന്ന് മനസിലാക്കി ചാക്കോ എന്‍സിപിയിലേക്ക് ചേക്കേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന ഈ നീക്കത്തിന് മുഴുവന്‍ പിന്തുണയുമായി എന്‍സിപി സംസ്ഥാന ഘടകം ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. ഇടത് മുന്നണി പ്രചാരണ വേദികളില്‍ എന്‍സിപി പ്രതിനിധിയായി ചാക്കോയെ എത്തിക്കാനും നേതാക്കള്‍ തയാറായി. ഈ ഘട്ടത്തില്‍ എന്‍സിപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായ ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചതോടെയാണ് ഏകാധിപതിയായി മാറിയതെന്നാണ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസില്‍ മോഹഭംഗം നേരിട്ട ഏതാനും നേതാക്കള്‍ ചാക്കോയ്ക്ക് പിന്നാലെ എന്‍സിപിയിലെത്തുകയും ചെയ്തു. സ്വന്തമായി ഒരു അനുയായി പോലുമില്ലാത്ത നേതാക്കളാണ് ഇങ്ങനെ എത്തിയിട്ടുള്ളതെന്നാണ് എന്‍സിപിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രസിഡന്റായതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി ചാക്കോ പുനസംഘടിപ്പിച്ചു. പഴയ എന്‍സിപിക്കാര്‍ ചിലരെ നിലനിര്‍ത്തിയെങ്കിലും പുതിയതായി എത്തിയവരെ ഉള്‍പ്പെടുത്തി ആധിപത്യം ഉറപ്പിക്കാനായിരുന്നു ശ്രമം. പിന്നാലെ പോഷക സംഘടനകളില്‍ നടത്തിയ നിയമനങ്ങളും എന്‍സിപിക്കാരെ തഴയുന്നതായിരുന്നു. ഏതാനും ജില്ലാ പ്രസിഡന്റുമാരേയും മാറ്റി. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുന്ന നീക്കങ്ങള്‍ ചാക്കോ തുടര്‍ന്നതോടെയാണ് വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയവര്‍ അപകടം മണത്തത്. മന്ത്രിയെ പോലും വരുതിയില്‍ നിര്‍ത്താനുള്ള നീക്കം ഉണ്ടായതോടെ പരസ്യ പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഒരു മുന്മാധ്യമ പ്രവര്‍ത്തകനെ മന്ത്രിയുടെ ഓഫീസില്‍ സുപ്രധാന തസ്തികയില്‍ എത്തിക്കാന്‍ ചാക്കോ നടത്തിയ നീക്കവും വിവാദമായിട്ടുണ്ട്. ചാക്കോ സ്വന്തം ഡ്രൈവറെ മന്ത്രിയുടെ ഓഫീസില്‍ പ്യൂണായി നിയമിക്കാനുംഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായ ഒരു പാര്‍ട്ടിക്കാരനെ സമ്മര്‍ദം ചെലുത്തി ഒഴിവാക്കി.
പുതുതായി ലഭിക്കുന്ന ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ പൂര്‍ണമായും പുതിയതായി പാര്‍ട്ടിയില്‍ എത്തിയവര്‍ക്ക് നല്‍കാനാണ് ചാക്കോയുടെ ശ്രമം. ഇതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. എന്‍സിപിയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന ഒരു ദേശീയ സെക്രട്ടറി മാത്രമാണ് ചാക്കോയ്ക്ക് ഒപ്പമുള്ളതെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ചാക്കോക്കെതിരെ പരസ്യമായി രംഗത്ത് വരാനാണ് യഥാര്‍ഥ എന്‍സിപിക്കാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: