മഹാരാഷ്‌ട്രയില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത് ഏതാനും ദിവസം മുമ്പാണ്. ബാറ്ററി ഉപയോഗിച്ച് വന്‍ സ്ഫോടനം ഉണ്ടാക്കാന്‍ കഴിയുന്ന ദ്രവ രൂപത്തിലുള്ള അമോണിയം നൈട്രേറ്റും ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തി. ഇതേ ബാച്ച് നമ്പരിലുള്ള സ്ഫോടക വസ്തുക്കളാണ് തൃശൂര്‍ വടക്കാഞ്ചേരി മുള്ളൂര്‍ക്കരയിലെ പൂട്ടിയിട്ട ക്വാറിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത്. മാത്രമല്ല ഇതേ ബാച്ച് നമ്പറിലെ സ്ഫോടക വസ്തുക്കള്‍ തന്നെയായിരുന്നു കുളത്തൂപ്പഴ പാടം വനമേഖലയില്‍ നിന്നും കണ്ടെത്തിയത്. എല്ലാം തമിഴ്നാട്ടിലെ വെട്രിവേല്‍ എക്സ്പ്ലോസീവ്സ് എന്ന സ്ഥാപനത്തില്‍ നിന്നും വാങ്ങിയവയാണ്. മുള്ളൂര്‍ക്കരയിലെ ക്വാറിയില്‍ തീവ്രവാദ പരിശീലനം നടത്തുന്നതിനിടെ ആയിരുന്നു സ്ഫോടനമെന്നാണ് കരുതുന്നത്. ഇവിടെ തോക്ക് ഉപയോഗിച്ചുള്ള പരിശീലനം മൃഗങ്ങളെ വേട്ടയാടുന്നതിലൂടെ നല്‍കിയിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ക്വാറിക്ക് സമീപമുള്ള മായന്നൂര്‍ വനത്തില്‍ വേട്ടയ്‌ക്കിടെ പിടിയിലായ സംഘത്തില്‍ നിന്നും തോക്കുകളും പിടികൂടി.
കുളത്തൂപ്പുഴ പാടം വനത്തിലും പിന്നീട് കോന്നി വനമേഖലയിലുമാണ് സ്ഫോടക വസ്തുക്കള്‍ ആദ്യം കണ്ടെത്തുന്നത്. ഈ രണ്ട് മേഖകലകള്‍ തമ്മില്‍ റോഡ് വഴി 20 കിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാല്‍ വനമേഖലയിലൂടെ 10 കിലോമീറ്റര്‍ മാത്രമാണ് ദൂരം. പാടം മേഖയില്‍ നടത്തിയ പരിശോധനയില്‍ ബൈക്കില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് പരിശീലനം നടത്തിയിരുന്നതായി സൂചനയുണ്ട്. ആളുകള്‍ പ്രവേശിക്കാത്തിടത്ത് നിന്നും ബൈക്ക് പൊളിച്ച് മാറ്റിയതിന്റെ ഭാഗങ്ങളും വനത്തിനുള്ളില്‍ നിന്നും വെടികൊണ്ട് ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും അന്വേഷണസംഘം കണ്ടെത്തി. ഇവിടെയും തോക്ക് ഉപയോഗിച്ച് പരിശീലനം നല്‍കിയിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കോന്നിക്ക് സമീപത്തു നിന്നും 2013ലും സമാനമായ രീതിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഏഴ് മാസം മുമ്പ് പന്തളം സ്വദേശിയെ യുപി പോലീസ് ഭീകര പ്രവര്‍ത്തനത്തിന് പിടികൂടി. അയാളില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച വിവരം അനുസരിച്ച് തട്ടാക്കുടി, പാടം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നുവെന്നാണ്.
കേരളത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതും തീവ്രവാദികള്‍ ആയുധങ്ങള്‍ കോപ്പുകൂട്ടി പരിശീലനം നടത്തുന്നതും ഇപ്പോള്‍ തുടങ്ങിയതല്ല. കാലങ്ങളായി നിരവധി സംഭവങ്ങളില്‍ വന്‍സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയിട്ടുണ്ട്. 2007 സെപ്തംബര്‍ ആറിന് തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്റ്റാന്റ്് പരിസരത്ത് നിന്നുതന്നെ ബാഗില്‍ ലോഹനിര്‍മ്മിതമായ 100 ഡിറ്റനേറ്ററുകള്‍ വീതം അടങ്ങിയ പെട്ടികള്‍ കണ്ടെത്തി. സിഡിഇടി എക്സ്പ്ലോസീവ് ഇന്റസ്ട്രീസ്, പ്രൈവറ്റ് ലിമിറ്റഡ്, ടൈഗോണ്‍, വാര്‍ദ എന്നാണ് പെട്ടിയില്‍ രേഖപ്പെടുത്തിയത്. കരിങ്കല്‍ ക്വാറികളേക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണെന്നാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരി നിയമസഭയില്‍ നല്‍കിയ വിശദീകരണം.
ഇത് മാത്രമല്ല 2005 നും 2007 നും ഇടയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 6 സ്ഫോടനങ്ങള്‍ ഉണ്ടായി. 5 പേരുടെ കൈപ്പത്തി അറ്റു. ഏഴുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം കടയ്‌ക്കലില്‍ ഉണ്ടായ സ്ഫോടനത്തിലെ എട്ട് പ്രതികളും എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. 2009 ജൂലൈയില്‍ എറണാകുളം കളക്ട്രേറ്റിലെ സ്ഫോടനത്തില്‍ പൈപ്പും ഡിറ്റനേറ്റുകളുടെ ഭാഗവും കണ്ടെത്തി. മലപ്പുറം, കൊല്ലം കളക്ടറേറ്റുകളിലെ സ്ഫോടനങ്ങള്‍, ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. 1999 ല്‍ ബത്തേരി പോലീസ് സറ്റേഷനിലെ സ്ഫോടനം, 2014ലെ പെരുമ്പാവൂര്‍ നോര്‍ത്ത് പോത്താശ്ശേരി എല്‍പി സ്‌കൂളിലെ സ്ഫോടനം, 1989 ല്‍ കേരള യൂണിവേഴ്സിറ്റി ഓഫീസിലെ സ്ഫോടനം,1985 ല്‍ ചവറ മിനറല്‍സ് ആന്റ് മെറ്റല്‍സ് ഫാക്ടറി പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്, 2005 ല്‍ അമരവിള ചെക്പോസ്റ്റ് വഴി സ്ഫോടക വസ്തുക്കള്‍ രണ്ട്തവണ കടത്തിയത് തുടങ്ങിയ സംഭവങ്ങള്‍ കേരളത്തില്‍ വലിയ വാര്‍ത്തകളായിരുന്നു. അവയെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ചിലത് ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തതോടെ പോലീസ് കയ്യൊഴിഞ്ഞു. എന്നാല്‍ ചിലതിലെ പോലീസ് അന്വേഷണം എങ്ങും എത്തിയതുമില്ല.
സ്ഫോടക വസ്തുക്കള്‍ കേരളത്തിലേക്ക് ഒഴുകുന്നു എന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ കമ്മീഷനുകള്‍ തന്നെ നിരവധിയാണ്. 1991 ലെ പാലക്കാട് വെടിവയ്പ് അന്വേഷിച്ച കമ്മീഷനും സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് മുരളി മനോഹര്‍ ജോഷി നടത്തിയ ഏകതാ യാത്രയക്ക് നേരെ മുസ്ലീം യുവാക്കള്‍ സംഘടിച്ച് എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. അന്നും അവര്‍ സംഘടിക്കുമ്പോള്‍ ആയുധങ്ങളും നാടന്‍ ബോംബുകളും കൈകളില്‍ ഉണ്ടായിരുന്നു. കമ്മീഷന്‍ ‘കണ്‍ട്രി ബോംബ്’ എന്ന പദമാണ് ഉപയോഗിച്ചത്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതകാണിക്കണമെന്ന് ആ സംഭവം അന്വേഷിച്ച കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഗൗരവമായി അക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല.
1992 ലെ പൂന്തുറയിലുണ്ടായ കലാപത്തിനിടെ സ്ഫോടക വസ്തുക്കളുടെ വന്‍ശേഖരം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത് അരവിന്ദാക്ഷമേനോന്‍ കമ്മീഷനാണ്. പൂന്തുറയില്‍ രണ്ട് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലീം അക്രമികള്‍ സംഘടിച്ചപ്പോള്‍ അവരുടെ കൈകളില്ലെല്ലാം ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നു. ഈ സ്ഥലത്തേക്ക് എങ്ങനെ ഇത്രയധികം സ്ഫോടകവസ്തുക്കള്‍ നിര്‍ലോഭമായി ഒഴുക്കപ്പെട്ടു എന്ന് കണ്ടെത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വളരെപെട്ടന്ന് സംഘടിപ്പിച്ച് കൊണ്ടുവരാനാവുന്നതല്ല അവിടെ കണ്ട സ്ഫോടകവസ്തുക്കള്‍. ഇത് നേരത്തെ തന്നെ സംഭരിച്ചുവച്ചിരുന്നു. അത് കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു. പടക്കങ്ങളും ബോംബുകളും ഈ സ്ഥലത്തേക്ക് സ്ഥിരമായി കൊണ്ടുവന്നിരുന്നു. ഇത് കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ല.. പൂന്തുറയില്‍ ബോംബ് എത്തിച്ച കെഎല്‍01-718 വെള്ള മാരുതിക്കാറും മോട്ടോര്‍സൈക്കിളും കണ്ടെത്തണമെന്നതടക്കം നിര്‍ദ്ദേശിച്ചു.
പൂന്തുറയില്‍ ആര്‍എസ്എസ് ശാഖയിലേക്ക് അബ്ദുള്‍ നാസര്‍ മദനിയുടെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സേവക് സംഘ്(ഐഎസ്എസ്)ന്റെ നേതൃത്വത്തിലുള്ള മുസ്ലീം യുവാക്കള്‍ കല്ലെറിഞ്ഞതായിരുന്നു തുടക്കം. ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് മാറ്റുന്നതിനിടെ പുത്തന്‍പള്ളി മസ്ജിദിലൈ പള്ളിയില്‍ നിന്നും ‘ഹിന്ദുക്കള്‍ പള്ളി ആക്രമിക്കുന്നു, ഹിന്ദുക്കളുടെ ആക്രമണത്തില്‍ നിന്നും പള്ളിയെ സംരക്ഷിക്കുന്നതിന് പള്ളിക്ക് ചുറ്റും മുസ്ലീങ്ങള്‍ എത്തണം’ എന്നും മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഇതാണ് കലാപത്തിലേക്ക് നീങ്ങാന്‍ കാരണമെന്നുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. അതിലെ ഗൂഡാലോചനയും ഐഎസ്എസിന്റെ പങ്കും പിന്നീട് ആരും അന്വേഷിച്ചില്ല. കലാപം കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. കമ്മീഷന്‍ നിര്‍ദ്ദേശിച്ച സ്ഫോടക വസ്തുക്കള്‍ എങ്ങനെ, എവിടെ നിന്ന് എത്തി എന്ന് അന്വേഷിക്കാന്‍ കരുണാകരനും നായനാരും തയ്യാറായില്ല. മുസ്ലീം വിഭാഗത്തോടൊപ്പം ചില സാമൂഹ്യ വിരുദ്ധ ശക്തികള്‍ ചേര്‍ന്നതോടെയാണ് കലാപം ഉണ്ടായതെന്ന പരാമര്‍ശമോ, സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതോ കലാപത്തില്‍ ഐഎസ്എസിന്റെ പങ്കിനെ കുറിച്ചോ ആരും ചര്‍ച്ച ചെയ്തില്ല. അതിന്റെ അനന്തരഫലമായിരുന്നു മാറാട് കൂട്ടക്കൊല.
മാറാട് കൂട്ടക്കൊലയിലും എന്‍ഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പങ്ക് തോമസ് പി.ജോസഫ് കമ്മീഷന്‍ കണ്ടെത്തി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് തെളിഞ്ഞു. വലിയ തോതിലുള്ള സ്ഫോടകവസ്തുക്കളും ആയുധങ്ങളും അന്ന് മാറാട് പള്ളിയില്‍ നിന്ന് പിടികൂടി. അവ എങ്ങനെ മാറാട് എത്തിയെന്നും അതിന് ലഭിച്ച സഹായമെന്തെന്നും പിന്നിലെ തീവ്രവാദ, രാജ്യവിരുദ്ധ ശക്തികളെയും കണ്ടെത്തണമെന്നും ജോസഫ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കമ്മീഷന്‍ കണ്ടെത്തി. 1996 ന് ശേഷമുള്ള സര്‍ക്കാരുകള്‍ തീവ്രവാദത്തിനെതിരെ നടപടി എടുക്കുന്നതില്‍ വീഴ്ചവരുത്തി. അതാണ് സംസ്ഥാനത്തെ കലാപങ്ങള്‍ക്ക് കാരണം എന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഈ റിപ്പോര്‍ട്ടിലും സ്ഫോടക വസ്തുക്കളെ കുറിച്ചും തീവ്രവാദ സംഘടനകളെ കുറിച്ചും വ്യക്തമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. 2006 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് വന്ന വി.എസ്.അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരും സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനമോ സഫോടക വസ്തുക്കള്‍ എത്തുന്നതോ അന്വേഷിക്കാന്‍ തയ്യാറായില്ല. അന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും ആയിരുന്നു. ഇരുവരും അന്ന് കലാപത്തിലെ ഇരകള്‍ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാര്‍ക്കൊപ്പമായിരുന്നു നിലയുറപ്പിച്ചത്.
ഇത്രയും കമ്മീഷനുകള്‍ നിര്‍ദ്ദേശിച്ചിട്ടും സ്ഫോടക വസ്തുക്കള്‍ പിടികൂടിയിട്ടും സംസ്ഥാനത്തെ സ്ഫോടക വസ്തുക്കളുടെ ഒഴുക്ക് തടയാന്‍ ഇടത്, വലത് പക്ഷങ്ങള്‍ തയ്യാറായില്ല. അതിന് കാരണം ഇടത്, വലത് കക്ഷികള്‍ തീവ്രവാദ സംഘടനകളോടും നേതാക്കളോടും കാണിക്കുന്ന മൃദുസമീപനമാണ്. ഇതിന്റെ അനന്തര ഫലമാണ് തൃശൂരിലെ ക്വാറിസ്ഫോടനത്തില്‍ എത്തി നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: