തൃശൂര്‍: ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ കേരളത്തിലെ ആദ്യ വനിത ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ ദുരിതത്തില്‍. ചാവക്കാട് സ്വദേശിനി രേഖയാണ് ജീവിത പ്രതിസന്ധിയില്‍ വലയുന്നത്. ഭര്‍ത്താവ് കാര്ത്തികേയന് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രി കിടക്കയിലായതും കൊവിഡ് പ്രതിസന്ധിയുമാണ് രേഖയുടെ ജീവിതം മാറിമറിയാന്‍ കാരണം.
നാലു പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ നിത്യ ചെലവിന് പോലും പണം കണ്ടെത്താന്‍ വിഷമിക്കുന്ന ഇവര്‍ കക്ക വാരി ഉപജീവനം കഴിക്കുകയാണ് ഇപ്പോള്‍. കക്ക വിറ്റാല്‍ ദിവസവും ഏകദേശം 400 രൂപയാണ് കിട്ടുക. ഇതുകൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് തന്നെ വലിയൊരു തുക ആവശ്യമാണ്. ഇത് എങ്ങനെ കണ്ടെത്തുമെന്ന ചിന്തയിലാണ് രേഖ. 2015ലാണ് രേഖയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയത്. ഇതോടെ സംസ്ഥാനത്തെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ലഭിച്ച ആദ്യ വനിത എന്ന പേരില്‍ രേഖ വാര്‍ത്തകളില്‍ ഇടം നേടി.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വലിയ തുക ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനൊപ്പം രേഖ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ്
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഭര്‍ത്താവ് കാര്ത്തികേയന് വള്ളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നെന്ന് രേഖ പറയുന്നു. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ ചികിത്സയുടെ ഭാഗമായി വിവിധ ആശുപത്രികളില്‍ കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും നടത്തി. ഇപ്പോഴും അതിന്റെ ചികിത്സ തുടരുകയാണ്.
നാലുമാസം പൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാവിയില്‍ വള്ളത്തില്‍ കടലില്‍ പോകാന്‍ ഭര്‍ത്താവിന് കഴിയുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് രേഖ പറയുന്നു. ചെറിയ ഫൈബര്‍ വള്ളത്തിലാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരാളെ സഹായത്തിന് വെയ്ക്കുന്നത് എളുപ്പമല്ല.
കടല്‍ പ്രക്ഷുബ്ധമായാല്‍ ഒരുദിവസത്തില് കൂടുതല്‍ പുറംകടലില്‍ തങ്ങേണ്ടി വരാം. താനുമായി അടുപ്പമുള്ള ഒരാള്‍ കൂടെ ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം കടലില്‍ പോകുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നതായി രേഖ പറയുന്നു. നാലുപെണ്മക്കളാണ് തനിക്ക്. അവരുടെ സുരക്ഷ കൂടി നോക്കണം. ഭര്‍ത്താവ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍, രേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: