തിരുവനന്തപുരം: അന്നം ക്ഷേത്രമായി കണക്കാക്കുന്ന സായി ഗ്രാമത്തിലെ സായിനാരായണാലത്തിൽ ഇതേവരെ നാലര കോടി ആളുകൾക്കാണ് ഭക്ഷണം വിളമ്പിയത്. ക്യാഷ് കൗണ്ടർ ഇല്ലാത്ത ഈ ഊട്ടുപുര സായി ഗ്രാമത്തിലെ അക്ഷയപാത്രമാണ്. സംഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമികളാണ് സായിനാരായണാലയം ഉദ്ഘാടനം ചെയ്തത്. സായിഗ്രാമത്തിൽ തന്നെ ഉല്പ്പാദിപ്പിക്കുന്ന അരിയും പച്ചക്കറികളും മറ്റുമാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. മാത്രമല്ല ഗോകുലം എന്ന ഇവിടുത്തെ ഗോശാലയിൽ നിന്നുള്ള പാലും അഥിതികൾക്ക് ഊണ് വിളമ്പുന്ന ഇലയും സായിഗ്രാമത്തിന്റെ മാത്രം പ്രത്യേകതകളാണ്.
പഴമ കൈമോശം വരാത്ത രീതിയിലാണ് ഇവിടെ ആഹാരം പാകം ചെയ്യുന്നത്, ഗ്യാസ് കുറ്റികൾ സായി നാരായണാലയം എന്ന ഊട്ടുപുരയിൽ കയറ്റിയിട്ടില്ല, ബയോഗ്യാസും വിറകുമാണ് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് എന്നത് ആരിലും അതിശയമുളവാക്കുന്ന ഒന്നാണ്. രാവിലെ 6 മണിയ്‌ക്ക് തുളസിയും കരിപ്പട്ടിയും ചേർത്ത് ആവി പറക്കുന്ന കാപ്പിയോടുകൂടിയാണ് സായിനാരായണാലയത്തിലെ ഒരു ദിനം ആരംഭിക്കുന്നത്. ഒരു ദിവസം ശരാശരി 500 പേരിലധികം ആളുകൾ അഥിതികളായി സായി ഗ്രാമത്തിൽ എത്താറുണ്ട്. ഈ സംഖ്യ 1000 ആയാലും വരുന്നവർക്കൊക്കെ മതിവരുവോളം ഭക്ഷണം വിളമ്പുവാൻ സായിനാരായണാലയം തയ്യാറാണ്.
ഓരോ ദിനവും വ്യത്യസ്തമായ വിഭവങ്ങളാൽ സമൃദ്ധമാണ് ഇവിടം. അന്തേവാസികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രകാരമുള്ള ഭക്ഷണക്രമീകരണങ്ങൾ വേറെ നടക്കുന്നുമുണ്ട്. സായിഗ്രാമത്തിലെ മോണ്ടിസോറി മുതൽ തുടങ്ങി സ്കൂൾ, കോളേജ്, ഐ. എ. എസ് അക്കാഡമിയിലെ കുട്ടികൾക്കു വരെ ഭക്ഷണം നൽകി വരുന്നു. മോണ്ടിസോറിയിലെ കുട്ടികൾക്ക് പാൽ തുടങ്ങി മറ്റ് പോഷകാഹാരങ്ങളും നൽകുന്നു.
തിരുവനന്തപുരം കോരാണി ഗവ.യു.പി സ്കൂളിൽ കഴിഞ്ഞ 10 വർഷമായി സായി ട്രസ്റ്റാണ് സൗജന്യ നോട്ട്ബുക്ക് വിതരണം നടത്തിവരുന്നത്. ഒരിക്കൽ നോട്ട്ബുക്ക് വിതരണത്തിനായി ആ സ്കൂളിലേക്ക് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.കെ.എൻ ആനന്ദകുമാർ പോയപ്പോൾ വിശന്ന് തലകറങ്ങുന്ന കുട്ടികളുടെ കാര്യം സ്കൂൾ പ്രിൻസിപ്പൽ ശ്രദ്ധയിൽപ്പെടുത്തുകയും പിറ്റേ ദിവസം മുതൽ ഇന്നുവരെ 3 വർഷമായി സായിഗ്രാമത്തിലെ സായിനാരായണാലയത്തിൽ നിന്നും ആ സ്കൂളിലേക്ക് പ്രഭാത ഭക്ഷണം നൽകിവരുന്നു.
“അന്നം ബ്രഹ്മമാണ്’ എന്ന തത്വം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെ വിശപ്പ് രഹിത ജില്ലയാക്കി മാറ്റുവാൻ സായിഗ്രാമം വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ പ്രഥമ പൗരനായിരുന്ന എ. പി. ജെ. അബ്ദുൾ കലാം മുതൽ ഇപ്പോഴത്തെ ഉപരാഷ്‌ട്രപതി ശ്രീ.വെങ്കയ്യ നായിഡു, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ വരെ സായിനാരായണാലയത്തിലെ രുചി അറിഞ്ഞവരാണ്. ഇതു കൂടാതെ സുനിൽ ഗവാസ്കർ ,സാമൂഹിക രാഷ്‌ട്രീയ മേഖലകളിലെ മന്ത്രിമാരും മറ്റ് പ്രമുഖരും, സായിഗ്രാമത്തിലെ സ്റ്റാഫുകൾ, സായിഗ്രാമത്തിന് ചുറ്റും താമസിക്കുന്നവരും സായിനാരായണാലയത്തില ഭക്ഷണം കഴിച്ചവരിൽ ഉൾപ്പെടുന്നു.
കോവിഡ് എന്ന മഹാമാരിയുടെ ഒന്നാം വരവിൽ ഒരു ലക്ഷത്തോളം പൊതികളാണ് സായിഗ്രാമത്തിലെ നൽകിയത്. കൂടാതെ നിയമപാലകർക്കും മംഗലപുരം, മുദാക്കൽ ഊട്ടുപുരയിൽ നിന്നും പഞ്ചായത്തിലെ കോവിഡ് ബാധിതർക്കും ഭക്ഷണ പൊതികൾ വിതരണം ചെയ്തു. നാലര കോടി ആളുകളെ ഊട്ടുവാൻ സാധിച്ചത് സ്വാമിയുടെ തൃക്കൈകൾ ആണ് എന്ന് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ. എൻ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
—
പ്രതികരിക്കാൻ ഇവിടെ എഴുതുക: