ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ബിജെപി വിരുദ്ധരുടെ വ്യാമോഹം തകര്‍ക്കുന്നതാണ്. ആകെയുള്ള 75ല്‍ 65 സീറ്റും പിടിച്ചടക്കി ബിജെപി നടത്തിയ ജൈത്രയാത്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും നിലംപരിശായി. തോല്‍വി ഭയന്ന് മായാവതിയുടെ ബിഎസ്പി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് ആറ് സീറ്റില്‍ മാത്രം ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റുപോലും നേടാനായില്ല. കഴിഞ്ഞ തവണത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 60സീറ്റില്‍ ജയിച്ച സമാജ്വാദി പാര്‍ട്ടിക്ക് സ്വന്തം തട്ടകമായ മെയിന്‍പുരി പോലും നഷ്ടമായി. മൂന്നു പതിറ്റാണ്ടായി പാര്‍ട്ടി ജയിച്ചു പോന്ന സീറ്റാണിതെന്നോര്ക്കണം. കോണ്‍ഗ്രസ്സിന്റെ താത്ക്കാലിക അധ്യക്ഷയായ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെയും പാര്‍ട്ടിയുടെ തട്ടകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേഠിയിലെയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവികള്‍ ബിജെപി പിടിച്ചെടുത്തതോടെ നെഹ്റു കുടുംബത്തിന്റെ അവകാശവാദങ്ങളെല്ലാം അപ്രസക്തമായി. പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തി യുപിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന കോണ്‍ഗ്രസ്സിന്റെ സ്വപ്നം ഒരിക്കല്‍ക്കൂടി തകര്‍ന്നിരിക്കുന്നു. മുസഫര്‍ നഗറില്‍ ബിജെപി നേടിയ വിജയമാണ് ഇതിനെക്കാള്‍ ശ്രദ്ധേയം. കേന്ദ്ര സര്‍ക്കാരിനെതിരെ ‘കര്‍ഷകസമരം’ നയിക്കുന്ന രാകേഷ് ടിക്കായത്തിന്റെ സ്വന്തം നാടായ ഇവിടെ സമാജ്വാദി പാര്‍ട്ടിയുടെയും ആര്‍എല്‍ഡിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി പരാജയപ്പെടുത്തിയത്. രാകേഷ് ടിക്കായത്തിന്റെ സഹോദരന് നരേഷ് ടിക്കായത്തിന്റെ പിന്തുണയും ഈ സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ബിജെപി ഘടകത്തില്‍ വലിയ ഉള്‍പ്പോരാണെന്നും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉരുണ്ടുകൂടുകയാണെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്ക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായ ജിതിന് പ്രസാദ ബിജെപിയിലെത്തിയതും, മുന്‍ ഐഎഎസ് ഓഫീസര്‍ എ.കെ. ശര്‍മയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതുമൊക്കെ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും തമ്മിലെ അധികാരവടംവലിയുടെ ഭാഗമാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. ഇതിനൊക്കെ യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപി വിജയത്തിന്റെ ബഹുമതി മുഖ്യമന്ത്രി യോഗിക്കും കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്ത്തകര്ക്കുമുള്ളതാണെന്ന പ്രശംസയാണ് പ്രധാനമന്ത്രി മോദിയില്‍നിന്നുണ്ടായത്. വിജയം പ്രധാനമന്ത്രിയുടെ ജനക്ഷേമ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് യോഗിയും പ്രതികരിച്ചു. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് യോഗിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും, ഇരു നേതാക്കളും അകല്‍ച്ചയിലാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണിത്. കൊവിഡ് മഹാമാരിയെ തടയുന്നതില്‍ മഹത്തായ പ്രവര്‍ത്തനം കാഴ്ചവച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.
യുപിയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം എന്താവുമെന്ന് എല്ലാവരും ഉറ്റുനോക്കിയിരിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനായാല്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന പ്രതീക്ഷയോടെയുള്ള പ്രചാരണത്തിന് പ്രതിപക്ഷം തുടക്കം കുറിച്ചിട്ട് കുറെക്കാലമായി. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയെ തോല്‍പ്പിക്കാനായാല്‍, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും അധികാരം നിലനിര്‍ത്താമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ 70 ലേറെ സീറ്റുകള്‍ നല്കി മുഖ്യ പങ്ക് വഹിച്ചത് ഉത്തര്‍പ്രദേശാണ്. ഈ വിജയം ആവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ടല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നേറ്റത്തെ ചെറുക്കാനാവില്ലെന്ന തിരിച്ചറിവാണ് ഉത്തര്‍പ്രദേശിനെ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് ബിജെപിയുടെ ഉരുക്കുകോട്ടയായി തുടരുകയാണെന്ന വ്യക്തമായ സൂചനയാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: