തിരുവനന്തപുരം: മൃഗശാ!ലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ആനിമല്‍ കീപ്പര്‍ ഹര്‍ഷാദ് മരിച്ച സംഭവത്തില്‍ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് മൃഗശാല ഡയറക്ടര്‍ അബു എസ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധികൃതരുടെ വീഴ്ചകള്‍ മറച്ച്, ഹര്‍ഷാദിന്റെ പിഴവുകള്‍ നിരത്തിയാണ് ഡയറക്ടര്‍ മൂന്നു പേജുള്ള റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറിയത്. രാജവെമ്പാലയുടെ മാറ്റക്കൂടിന്റെ വാതില്‍ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. റിപ്പോര്‍ട്ട് മന്ത്രി ചിഞ്ചുറാണി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
രണ്ടു കൂടുകളാണു രാജവെമ്പാലയെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്. ഒന്നു വലുതും മറ്റേതു ചെറുതുമാണ്. മൃഗശാലയിലെത്തുന്ന ആളുകള്‍ കാണുന്നതു വലിയ കൂടാണ്. ചെറിയകൂട് ഇതിനു പിന്നിലാണ്. ഒരു കൂട്ടില്‍നിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഇരു കൂടുകളെയും വേര്‍തിരിക്കുന്ന വാതില്‍ ലോക്ക് ചെയ്തെന്നു ഉറപ്പാക്കണം. കൂട് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് അപകടം ഉണ്ടാകാതിരിക്കാനാണിത്.
ഹര്‍ഷാദ് വലിയ കൂട്ടിലേക്കു ക്ലീനിംഗിനായി കയറുമ്പോള്‍ അതിനുള്ളില്‍ പാമ്പില്ലെന്നു സിസി ടിവി ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിംഗ് നടത്തിയതും. എന്നാല്‍ ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ ഹര്‍ഷാദ് പിടയ്ക്കുകയായിരുന്നു. കൈയുടെ തൊട്ടു താഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതില്‍ അടച്ചിരുന്നില്ല. ചെറിയ കൂട്ടില്‍ സിസി ടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഹര്‍ഷാദിനെ പാമ്പ് കടിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമല്ല.
വലിയ കൂടിലേക്കു പാമ്പിനെ മാറ്റി വാതില്‍ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടില്‍ കയ്യിട്ടതാണ് അപകടകാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പ് വലിയ കൂട്ടിലേക്കു കയറിയിരിക്കാമെന്ന തെറ്റിദ്ധാരണയില്‍ ഹര്‍ഷാദ് ചെറിയ കൂട് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റതാവാമെന്ന് ജീവനക്കാര്‍ പറയുന്നു. പാമ്പിന്‍കൂട് വൃത്തിയാക്കാന്‍ ആനിമല്‍ കീപ്പറെ നിയോഗിക്കുമ്പോള്‍ ഒപ്പം മറ്റൊരു സഹായിയെ അയയ്ക്കണമെന്ന കേന്ദ്ര മൃഗശാല അതോറിട്ടിയുടെ നിര്‍ദേശം പാലിക്കപ്പെട്ടില്ല. ഇത് വീഴ്ചയായി ഡയറക്ടറുടെ റിപ്പോര്‍ട്ടിലില്ല. പകരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ അമ്പത് ശതമാനം ജീവനക്കാരാണ് ജോലിയിലുള്ളതെന്നും കൂടു വൃത്തിയാക്കാന്‍ സഹായി ഇല്ലായിരുന്നുവെന്നുമാണ് ന്യായീകരണം.
പാമ്പിന് കൂട്ടിലേക്ക് ആനിമല്‍ കീപ്പറെ കടത്തിവിടുമ്പോള്‍ കൈകളില്‍ നീളന്‍ ഗ്ലൗസ്, കാലുകളില്‍ മുട്ടോളം മൂടുന്ന ഷൂസുകള്‍ എന്നിവ ധരിച്ചിട്ടുണ്ടെന്ന് സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം. വാക്കിടോക്കി കയ്യില്‍ കരുതണം. എന്നാല്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങളൊന്നും മൃഗശാലയില്‍ ഇല്ലെന്ന് ജീവനക്കാര്‍. ഇത്തരം വീഴ്ചകളെക്കുറിച്ച് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചന പോലുമില്ലെന്ന് ആക്ഷേപമുണ്ട്.
മൃഗശാല അധികൃതരുടെ ഗുരുതര സുരക്ഷാവീഴ്ചയാണ് ഹര്‍ഷാദിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കേസന്വഷിക്കുന്ന മ്യൂസിയം പോലീസ് പറയുന്നു. പ്രവര്‍ത്തനരഹിതമായ അപകട സൈറണാണ് ഇവിടെയുള്ളത്. ഇതാണ് അപകടം നടന്നയുടന്‍ അപായസൂചന നല്കാന് ഹര്‍ഷദിന് സാധിക്കാത്തത്. സഹായിയുടെ അഭാവവും അപകടകാരണമായി. ഇതു സംബന്ധിച്ച് ആഭ്യന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: