ക്വട്ടേഷന്‍ സംഘങ്ങള്‍ നടപ്പിലാക്കുന്ന കൊള്ളകളും കൊലപാതകങ്ങളും വാര്‍ത്തകളിലിടം പിടിക്കുകയും വിവാദമാവുകയും ചെയ്യുമ്പോള്‍ ‘പാര്‍ടിക്ക് ബന്ധമില്ല’ എന്ന പതിവ് പ്രസ്താവന നല്കി കൈ കഴുകുക എന്നതാണ് സിപിഎമ്മിന്റെ സ്ഥിരം ശൈലി.രാമനാട്ടുകര സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് പിന്നിലെ സി പി എം ബന്ധം പുറത്തറിഞ്ഞത് 5 പേര് മരിച്ച വാഹനാപകടം നടന്നത് കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ പുറത്തറിയാത്ത അനേകം സംഭവങ്ങളിലൊന്നു മാത്രമായി അത് അവസാനിച്ചേനേ. പാര്‍ടി നിയോഗിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ പരസ്യമായി തള്ളിപ്പറയുമെങ്കിലും അവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നത് പാര്‍ടി തന്നെയായിരിക്കും. ആര്‍എസ്എഎസ് പ്രവര്‍ത്തകനായ തില്ലങ്കേരി വിനീഷിനെ കൊലപ്പെടുത്തിയ ആകാശ് തില്ലങ്കേരിയും സംഘവുമാണ് 2018 ഫെബ്രുവരി 12 ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയായ ശുഹൈബിനെ കൊന്നത്. ശുഹൈബ് വധക്കേസില്‍ ആകാശിനെയും മറ്റൊരു പ്രതി റിജിന്‍ രാജിനെയും ഹാജരാക്കുന്നത് പ്രാദേശിക സി പി എം നേതാക്കളാണ്. കൊലപാതകത്തിനു ശേഷം പ്രതികള്‍ നിരവധി ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞത് സി പി എം കേന്ദ്രങ്ങളില്‍ .കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നിരാഹാരമിരിക്കുകയും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നുമുറപ്പായപ്പോഴാണ് ക്രിമിനല്‍ സംഘത്തെ കീഴടങ്ങാന്‍ ഒളിത്താവളത്തില്‍ നിന്ന് നേതാക്കള്പുറത്തെത്തിച്ചത്.കേസില്‍ പ്രതിയായതോടെ പതിവുപോലെ ജില്ലാ കമ്മിറ്റി ,സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ആകാശിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രസ്താവനയിറക്കുകയും ചെയ്തു. എന്നാല്‍ ശുഹൈബ് കൊലക്കേസിന്റെ പ്രാരംഭച്ചലവുകള്ക്കായി പ്രദേശത്തെ ഇടത് യുവജന ക്ലബ്ബ് 10 ലക്ഷം രൂപ തയാറാക്കാന്‍ പ്രത്യേക കുറി നടത്തിക്കൊണ്ടാണ് പ്രതികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം പരസ്യമായി ആരംഭിച്ചത്.ശുഹൈബ് കൊലക്കേസ് അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് പരാതിയുമായി ശുഹൈബിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.സിബിഐ അന്വേഷണത്തിന് ഉത്തരവായ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബഞ്ച് മുമ്പാകെ സിബിഐ അന്വേഷണം റദ്ദാക്കിക്കിട്ടാനായി ഏതാണ്ട് അരക്കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നീ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരെ പ്രത്യേകം നിയോഗിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് നിന്നത്.ഇതിന് മാത്രമായി അരക്കോടി രൂപയോളം സര്‍ക്കാരിന് ചെലവായി. ക്വട്ടേഷന്‍ സംഘാംഗങ്ങളെ കൊലപാതകത്തിന് ശേഷം ഒളിപ്പിക്കുന്നതടക്കമുള്ള സുരക്ഷ പാര്‍ടി നിര്വ്വഹിക്കുമ്പോള് സര്‍ക്കാരിന്റെ കരുതലും ഈ കൊടും ക്രിമിനലുകള്‍ക്ക് കിട്ടുന്നു.
കൊലപാതകം നടത്തിയാല്‍ ഡമ്മി പ്രതികളെ നല്കി രക്ഷിക്കാമെന്നും കേസിലുള്പ്പെടില്ലെന്നും സി പി എം നേതാക്കള്‍ ഉറപ്പു നല്‍കിയതായി പ്രതികള്‍ പോലീസിന് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
അരുംകൊല ചെയ്യാന്‍ അറപ്പില്ലാത്ത സിപിഎം ക്വട്ടേഷന്‍ സംഘം കൃത്യം നടന്നു കഴിഞ്ഞാല്‍ രക്ഷപ്പെടാനുള്ള എല്ലാ തിരക്കഥയും ആസുത്രണവും ഒരുക്കുന്നതില്‍ മിടുക്കരാണ്. ആര് എസ് എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊല ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ദേശാഭിമാനി പത്രം ‘കാവിയാണ് ഇരിട്ടി ‘ എന്ന പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പിലെ ചാറ്റിംഗ് പുറത്തുവിട്ടു.വിനീഷിനെ കൊലപ്പെടുത്തിയത് സംഘ പ്രവര്‍ത്തകര്‍ തന്നെയാണെന്നും അത് ശരിയായില്ലെന്നുമാണ് വാട്സ് ആപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തത് എന്നായിരുന്നു വാര്‍ത്ത. അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച വാട്സ് ആപ് ഗ്രൂപ്പ് തയാറാക്കിയതും കൊലയാളി സംഘത്തിന്റെ ആസൂത്രണത്തിലായിരുന്നു. വ്യാജപേരുകളില്‍ സംശയങ്ങള്‍ക്കിടയില്ലാത്ത തരത്തില്‍ കെട്ടുകഥകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അന്വേഷണത്തെ വഴിതിരിച്ചുവിടാനും സ്വയം രക്ഷപ്പെടാനും കൊലയാളി സംഘം ശ്രമിച്ചത്. പാര്‍ടി പത്രത്തെയടക്കം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കൊലയാളി സംഘങ്ങള്‍ തങ്ങളുടെ ഓപ്പറേഷന് ആസൂത്രണം ചെയ്യുന്നത്.
കൊലപാതകത്തിലുള്‍പ്പെട്ട പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ച ഉടനെ തെളിവുകള്‍ നശിപ്പിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടും. ശുഹൈബിനെ കൊല ചെയ്ത ഉടനെ ആകാശ് ക്ഷേത്ര ഉത്സവ സ്ഥലത്തെത്തി അന്നദാനത്തിന് ഭക്ഷണം വിളമ്പിയിരുന്നു. ആകാശ് കൃത്യത്തിലുണ്ടായിരുന്നില്ലെന്നും ക്ഷേത്ര ഉത്സവ സ്ഥലത്ത് ഭക്ഷണം വിളമ്പാനുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ക്കിടയില്‍ തോന്നലുണ്ടാക്കാനായിരുന്നു ഈ നാടകം. എല്ലാ കൊലപാതകങ്ങള്‍ക്കും ന്യായീകരിക്കാനോ തെറ്റിദ്ധാരണ പരത്തനോ ചില സൂത്രങ്ങള്‍ തയാറാക്കി വെച്ചാണ് സി പി എം ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊല ചെയ്യാനെത്തിയ സംഘം മാഷാ അള്ളാ എന്നെഴുതിയ വാഹനത്തിലാണ് വള്ളിക്കാട് എത്തിയത്.കൊലപാതകം ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ തെറ്റിദ്ധാരണ പരത്താനായിരുന്നു ഇത്തരം ശ്രമം നടത്തിയത്.
ജിജോ തില്ലങ്കേരി എന്ന സിപിഎം ക്രിമിനലിന്റെ വാഹനത്തിന് ബോംബെറിഞ്ഞത് ആര്‍എസ്എസാണെന്ന് പ്രചരിപ്പിച്ചാണ് ക്വട്ടേഷന്‍ സംഘം വിനീഷ് കൊലപാതകത്തിന്റെ തിരക്കഥ ആരംഭിച്ചത്.നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ആകാശ് തില്ലങ്കേരിക്കാണ് പാര്‍ടി ദൗത്യം എല്പിച്ചത്. സി പി എം ഗ്രാമ പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷന് നേതാവുമായ ദാക്ഷായണിയുടെയും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ വഞ്ഞേരി രവീന്ദ്രന്റെയും മകനാണ് ആകാശ്. ശുഹൈബ് വധത്തിനു ശേഷം മൂന്നു പേരെയും പാര്‍ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അതൊരു പ്രഖ്യാപനം മാത്രമായിരുന്നു.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലടക്കം അവര്‍ പാര്ട്ടിക്കുവേണ്ടിപരസ്യമായി പ്രവര്‍ത്തിച്ചിരുന്നു.ഇക്കഴിഞ്ഞ മാസത്തിലാണ് ഇവര്‍ പുതുതായി പണി കഴിക്കുന്ന ഇരുനില വീടിന്റെ കോണ്‍ക്രീറ്റ് നടന്നത്.ഇരുനൂറോളം പേരാണ് അതില്‍ പങ്കെടുത്തത്.സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പുറത്താക്കല്‍ പ്രസ്താവന ഉടന്‍ വരുമെങ്കിലും സംസ്ഥാന നേതാക്കളടക്കം ഇവരുടെ സംരക്ഷണത്തിനെത്തും.സാധാരണക്കാരായ വീടുകളില്‍ നിന്നുള്ളവര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ആഢംബര വാഹനങ്ങളുടെ ഉടമയാകുന്നു;കൊട്ടാര സദൃശമായ വീടുകള്‍ പണിയുന്നു.ചുരുങ്ങിയ കാലം കൊണ്ട് ഇവര്‍ ലക്ഷാധിപതികളാവുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്യുന്നു. പാര്‍ടിയുടെ പൂര്‍ണ്ണ പിന്തുണയില്‍ നടക്കുന്ന അധോലോക ഓപ്പറേഷനുകളാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: