ന്യൂദല്‍ഹി: ലോക്സഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നീക്കിയേക്കും. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് ഇനി രണ്ടാഴ്ചമാത്രം മുന്നിലുള്ളപ്പോഴാണ് ഈ ആലോചന. പ്രതിപക്ഷ നിരയുടെ കരുത്തുകൂട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി മത്സരിച്ചിരുന്നുവെങ്കിലും സംപൂജ്യരായി. ഇവരുടെ സഖ്യകക്ഷിയായിരുന്നു ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന് മാത്രമായിരുന്നു ഒരു സീറ്റ് ലഭിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും കോണ്‍ഗ്രസ് തൃണമൂല്‍ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കെതിരെ നേരിട്ട് വിമര്‍ശനം ഉന്നയിച്ചിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധം മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ലോക്സഭയിലെ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാനുള്ള തീരുമാനമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെര്ഹംപൂരില്നിന്നുള്ള എംപിയായ ചൗധരി മമത സര്‍ക്കാരിന്റെ കടുത്ത വിമര്‍ശനകനാണ്.
ചൗധരിയെ നീക്കിക്കൊണ്ട് തൃണമൂലുമായും മമതയുമായും താഴെത്തിട്ടില് കുറേക്കൂടി മികച്ച അടുപ്പമുണ്ടാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരാണ് ബംഗാള്‍ പിസിസി അധ്യക്ഷന്‍കൂടിയായ ചൗധരിക്ക് പകരക്കാരനായി പരിഗണനയിലുള്ളത്. സംഘടനാതലത്തില്‍ മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ജി 23 സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ശശി തരൂരും മനീഷ് തിവാരിയും. ചൗധരിയാകട്ടെ സംഘത്തെ ശക്തമായി എതിര്‍ക്കുന്നയാളും. തുരൂരിനെയും തിവാരിയെയും മറികടന്ന് രാഹുല്‍ ഗാന്ധി ഈ സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: