ചോറ്റാനിക്കര: ചോറ്റാനിക്കര അമ്മയുടെ തിടമ്പ് 60 വര്‍ഷക്കാലം ചുമലിലേറ്റിയ സീതക്കുട്ടി ഓര്മ്മയായിയെങ്കിലും ആനയുടെ പേരില്‍ ചരിത്ര സ്മാരകം വേണമെന്നാവശ്യം ശക്തമാകുന്നു. വരും തലമുറയ്ക്ക് സീതക്കുട്ടിയുടെ ചരിത്രം രേഖപ്പെടുത്തിവെക്കാനും ചോറ്റാനിക്കരയുടെ മനസില്‍ ആനയുടെ ഓര്‍മ്മ നിലനിര്‍ത്താനും ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും മുന്‍കൈയെടുക്കണമെന്ന് നാട്ടുകാരും ഭക്തജനങ്ങളും ആവശ്യപ്പെടുന്നത്.
ഹിന്ദു ഐക്യവേദി ബിജെപി മറ്റ് സംഘപരിവാര്‍ സംഘടനകളും കൊച്ചിന് ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും ഇത് സംബന്ധിച്ച് രേഖാമൂലം ആവശ്യപ്പെടും. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിന് മുന്നിലുള്ള പോലീസ് എയ്ഡ് പോസ്റ്റിന്റെ കെട്ടിടം ഇരിക്കുന്ന സ്ഥലത്ത് സീതക്ക് ഒരു ചരിത്ര സ്മാരകവും ജീവിതകഥയും ആലേഖനം ചെയ്ത സ്മാരക മന്ദിരവും വേണമെന്നാണ് പ്രധാന ആവശ്യം. ഇതിന് ദേവസ്വം ബോര്‍ഡിന് ഫണ്ട് വകയിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്ത് ഇത് യാഥാര്‍ത്ഥ്യമാക്കണമെന്നും സംഘടനകള്‍ പറഞ്ഞു. ഭക്തജനങ്ങളുടെ ആഗ്രഹം സാധിച്ച് നല്‍കുന്നതിനായി പിറവം എംഎല്‍എ അഡ്വ. അനൂപ് ജേക്കബ്, എംപി തോമസ് ചാഴിക്കാടന് തുടങ്ങിയവര്‍ മുന്നോട്ട് വരണമെന്നും ഹിന്ദു ഐക്യവേദിയും ബിജെപിയും ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ കേശവന് സ്മാരകം പോലെ ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ദേവി ക്ഷേത്രത്തിലെ ഭഗവതിയുടെ തിടമ്പേറ്റിയ സീതക്കുട്ടി സമീപത്തുള്ള നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും തിടമ്പേറ്റാന്‍ പോയിട്ടുണ്ട്. സ്മാരകം നിര്‍മിക്കാന്‍ ദേവസ്വം മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുയോജ്യമായ സമീപനം ഉണ്ടാകണമെന്നും ഭക്തജന സമിതി ആവശ്യപ്പെട്ടു. ഇതിനുപുറമെ സീതക്കുട്ടിയുടെ ചിതാഭസ്മം ആവശ്യമായ കര്‍മ്മങ്ങള്‍ നല്‍കിക്കൊണ്ട് പെരിയാര്‍ നദിയില്‍ ഒഴുക്കണമെന്നും ഭക്തജന സമിതി ആവശ്യപ്പെട്ടു. സീതക്കുട്ടിയുടെ വിയോഗത്താല്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് ഭഗവതിയുടെ തിടമ്പേറ്റാന്‍ സ്വന്തമായി ഒരു പിടിയാനയെ നട ഇരുത്താന്‍ കൊച്ചിന്‍ദേവസ്വം മുന്‍കൈയെടുക്കണമെന്നും ഭക്തജന സമിതി, ഹിന്ദു ഐക്യവേദി, ബിജെപി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: