ഡോ. പദ്മിനി കൃഷ്ണന്
നമുക്ക് ഒരു ചോദ്യത്തില്‍ നിന്നും ആരംഭിക്കാം.
‘കിം രസേഭ്യോ
ഭാവാനാമഭി നിര്വൃത്തി
രുതാഹോ ഭാവേഭ്യോ
രസാനാമിതി?’
രസങ്ങളില്‍ നിന്നും ഭാവങ്ങളുണ്ടാകുന്നുവോ അതോ ഭാവങ്ങളില്‍ നിന്നും രസങ്ങളോ?
ഇതറിയണമെങ്കില്‍ എന്താണ് രസം എന്നും എന്താണ് ഭാവം എന്നും അറിയേണ്ടതുണ്ട്. ഒരു ചെറിയ ഉദാഹരണം കൊണ്ടു തന്നെ ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനാകും. നിങ്ങള്‍ ഒരു ചലച്ചിത്രം കാണുന്നു എന്നു വിചാരിക്കുക. നായികാ നായകന്മാര് അഭിനയിക്കുന്ന ഒരു പ്രണയരംഗം. അവരുടെ മുഖത്തെ പ്രണയഭാവം കാണുമ്പോള്‍ നിങ്ങളുടെ (പ്രേക്ഷകരുടെ) മുഖത്ത് ശൃംഗാര രസം നിറയുന്നു. അല്ലെങ്കില്‍ യുദ്ധമുഖത്ത് യോദ്ധാക്കള്‍ തമ്മിലുള്ള പോരാട്ടം. രക്തം വമിക്കുന്ന ജുഗുപ്സാവഹമായ ഭാവം കാണുമ്പോള്‍ പ്രേക്ഷകരുടെ മുഖത്ത് ബീഭത്സരസം ജനിക്കുന്നു.
ഇതില്‍ നിന്നും മുന്‍പു പറഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടിക്കാണും എന്നു കരുതുന്നു. അതെ, ഭാവത്തില്‍ നിന്നാണ് രസം ജനിക്കുന്നത്. നടീനടന്മാര് (നര്‍ത്തകര്‍) ചെയ്യുന്നത് ഭാവവും ആസ്വാദകര്‍ രസിക്കുന്നത് (ആസ്വാദനത്തിന്റെ ഫലമായി അവരുടെ മുഖത്തുണ്ടാകുന്നത്) രസവും.
രസം എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ നവരസമാണ് വരുന്നത്. അതായത് ഒന്‍പത് രസങ്ങള്‍. എന്നാല്‍ ഏറ്റവും രസകരമായ ഒരു കാര്യം എന്തെന്നാല്‍ നാട്യശാസ്ത്രത്തില്‍ എട്ടു രസങ്ങളെക്കുറിച്ചു മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നതാണ്.
‘ശൃംഗാര ഹാസ്യ കരുണാ
രൗദ്ര വീര ഭയാനകഃ
ബീഭത്സാദ്ഭുത സമജ്ഞൗചേ
തൃഷ്ടൗ നാട്യേ രസാഃ
സ്മൃതാഃ
ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്ഭുതം എന്നിങ്ങനെ എട്ട് രസങ്ങളാണ് നാട്യത്തില്‍ ഉള്ളത്. രതി എന്ന ഭാവത്തില്‍ നിന്ന് ശൃംഗാരം എന്ന രസം ഉണ്ടാകുന്നു. അതുപോലെ ഹാസത്തില്‍ നിന്നും ഹാസ്യവും ശോകത്തില്‍ നിന്നും കരുണവും ക്രോധത്തില്‍ നിന്നും രൗദ്രവും ഉത്സാഹത്തില്‍ നിന്നും വീരവും ഭയത്തില്‍ നിന്നും ഭയാനകവും ജുഗുപ്
സയില്‍ നിന്നും ബീഭത്സവും വിസ്മയത്തില്‍ നിന്നും അദ്ഭുതവും ഉണ്ടാകുന്നു. ഈ എട്ടു ഭാവങ്ങളെ സ്ഥായീഭാവങ്ങള് എന്നു പറയുന്നു. മറ്റു വിവിധ തരത്തിലുള്ള ഭാവങ്ങള്‍ -ഗ്ലാനി, ശങ്ക, അസൂയ, അഹംഭാവം, ആലസ്യം, ദൈന്യം, ചിന്ത, മോഹം, സ്മൃതി, ചപലത, നിദ്ര, അമര്‍ഷം, വ്യാധി, മരണം തുടങ്ങിയവയ്ക്ക് വ്യഭിചാരീ ഭാവങ്ങള്‍ എന്നും പറയുന്നു.
ഇനി മറ്റൊരു കാര്യം ഒരു രസത്തില്‍ നിന്നും മറ്റൊരു രസം ഉണ്ടാവാറുണ്ട് എന്നുള്ളതാണ്.
ശൃംഗാരത്തില്‍ നിന്നും ഹാസ്യവും രൗദ്രത്തില്‍ നിന്നും കരുണവും വീരത്തില്‍ നിന്നും അദ്ഭുതവും ബീഭത്സത്തില്‍ നിന്നും ഭയാനകവും ഉണ്ടാകുന്നു.
ഉദാഃ രാമായണം ടിവിയില്‍ കാണുന്ന പ്രേക്ഷകര്‍. ശ്രീരാമന് ശൈവ ചാപം എടുത്തുയര്‍ത്തുന്നു. വീരരസത്തോടെയുള്ള ആ നില്പ്പു കാണുമ്പോള്‍ പ്രേക്ഷകരുടെ മുഖത്ത് വിരിയുന്ന അദ്ഭുത രസം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ഇവിടെ വീരരസത്തില്‍ നിന്ന് മറ്റൊരു രസമായ അദ്ഭുതം ഉണ്ടാകുന്നു. അതുപോലെ രാക്ഷസീരാക്ഷസന്മാരുടെ ബീഭത്സരസം കാണുമ്പോള്‍ നമുക്കുണ്ടാകുന്നത് ഭയാനകം എന്ന രസം.
രസങ്ങള്‍ക്ക് നിറവും ദേവന്മാരെയും നാട്യശാസ്ത്രം നല്‍കിയിട്ടുണ്ട്
ശൃംഗാരം-പച്ച
ഹാസ്യം – വെള്ള
കരുണം -തവിട്ട് നിറം
രൗദ്രം – ചുവപ്പ്
വീരം – സ്വര്‍ണ്ണ നിറം
ഭയാനകം – കറുപ്പ്
ബീഭത്സം-നീല
അദ്ഭുതം- മഞ്ഞ.
ശൃംഗാരം-വിഷ്ണു, ഹാസ്യം-ശിവഗണങ്ങള്‍, കരുണം- യമന്‍, രൗദ്രം-രുദ്രന്, വീരം-ദേവേന്ദ്രന്, ബീഭത്സം-മഹാകാലന്, ഭയാനകം-കാമന്, അദ്ഭുതം-ബ്രഹ്മാവ്.
ശാന്തം എന്ന ഒന്‍പതാം രസം ബ്രഹ്മദേവന് ചൊല്ലിക്കൊടുത്തിട്ടില്ല എന്നും, ഭരതമുനി പിന്നീടത് എഴുതി ചേര്‍ത്തു എന്നും, നാട്യശാസ്ത്രത്തിലെ രസവികല്പം എന്ന ആറാം അദ്ധ്യായത്തില്‍ സൂചിപ്പിക്കുന്നു.
ഇതുവരെ രസത്തെ കുറിച്ചാണ് പറഞ്ഞത്. ഇനി അല്പം ഭാവത്തെ കുറിച്ച് ആകാം. ഭാവം എന്നത് മൂന്നു കാര്യങ്ങള്‍ ചേരുമ്പോള്‍ ആണ് പൂര്‍ണ്ണമാകുന്നത്-ഭാവം, വിഭാവം, അനുഭാവം.
ഭാവം എന്നാല്‍ ഭവിപ്പിക്കുന്നത് അതായത് രസത്തെ ഭവിപ്പിക്കുന്നത് (ഉണ്ടാക്കുന്നത്).
അടുത്തത് വിഭാവം-കാരണം ആകുന്നത് അതായത് ഭാവ കാരണമായ സന്ദര്‍ഭം.
അനുഭാവം-അനുഭവിച്ച് കാണിക്കുന്നത്.
ഒരുദാഹരണം വിശദീകരിക്കുമ്പോള്‍ ഇതു നന്നായി മനസ്സിലാക്കാന്‍ സാധിക്കും.
നടന് ശോകം എന്ന ഭാവം അഭിനയിക്കുന്നു. ഈ ശോകത്തിന് ഒരു കാരണം അല്ലെങ്കില്‍ സന്ദര്‍ഭം വേണം (ഇഷ്ട ജനങ്ങളുടെ വേര്‍പാട്, മരണം, ധന നാശം) ഇത് വിഭാവം. ഇനി ഈ ശോക ഭാവത്തെ നടന് എങ്ങനെയൊക്കെ അഭിനയിച്ചു കാണിക്കുന്നു എന്നത് അനുഭാവം (കണ്ണീര് വാര്‍ക്കുക, നിലവിളിക്കുക, തേങ്ങുക, നെടുവീര്‍പ്പിടുക, കുഴഞ്ഞുവീഴുക) ഇവയെല്ലാം നാട്യശാസ്ത്രത്തിലെ ഏഴാം അദ്ധ്യായമായ ഭാവവ്യഞ്ജകത്തില് വിശദീകരിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: