രാഷ്ട്രീയ എതിരാളികളെ കൊലചെയ്ത കേസില്‍ പ്രതിയായി ജയിലില്‍ അടക്കപ്പെടുന്നതോടെ അവസാനിക്കുന്നതല്ല സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ ജീവിതം. അതോടെ പുതിയ ജീവിതം തുടങ്ങുകയായി. വീരാരാധനയോടെ, ആയിരങ്ങള്‍ അണികളുള്ള നേതാവായി ഇവര്‍ മാറുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ജയിലിനകത്തും പുറത്തു പാര്‍ട്ടിക്കകത്തും പുറത്തും പാര്‍ട്ടിയുടെ കനത്ത സുരക്ഷയിലാണ്. സിപിഎമ്മില്‍ നിന്നോ വര്‍ഗ്ഗബഹുജനസംഘടനകളില്‍ നിന്നോ പുറത്താക്കിയെന്ന പ്രസ്താവനയ്ക്ക് പുല്ലിന്റെ വിലപോലുമുണ്ടാകില്ല. അതൊരു അടവ് നയം മാത്രം. ഇവരുടെ കേസ് വാദിക്കുന്നത് പാര്‍ട്ടി നിയോഗിക്കുന്ന മുതിര്‍ന്ന അഭിഭാഷകരായിരിക്കും. എല്ലാ നിബന്ധനകളും മറികടന്ന് ഇവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പരോള്‍ ലഭിക്കും. ആഡംബരയാത്രകള്‍, സുഖജീവിതം.
കൊടിസുനിയും കിര്‍മാണി മനോജും ഇപ്പോള്‍ ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയുമൊക്കെ പൊതുസമൂഹമറിയുന്നത് അവരുള്‍പ്പെട്ട കേസുകള്‍ വാര്ത്തയാവുന്നതോടെയാണ്. എന്നാല്‍ സിപിഎം സംസ്ഥാന ജില്ലാ നേതാക്കളുടെ സന്തതസഹചാരികളാണിവര്. ഓരോ പാര്‍ട്ടി ഗ്രാമത്തെയും അടക്കി ഭരിക്കുന്ന അധോലോക സംഘങ്ങള്‍. സാമൂഹ്യമാധ്യമങ്ങളിലും സംഘടനാപ്രവര്‍ത്തനത്തിലും ചാവേര്‍ സംഘങ്ങളെപ്പോലെ ഇവര്‍ സിപിഎമ്മിന്റെ പടനയിക്കും. പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തിലുള്ള സമാന്തര സൈന്യം. പാര്‍ട്ടി അന്വേഷണങ്ങളും പാര്‍ട്ടി കോടതികളും പോലെ പാര്‍ട്ടി സൈന്യവും.
കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമത്തിന് നേതൃത്വം നല്കിയ നേതാക്കള്‍ പലരും കേസുകളില്‍ പ്രതിയായതോടെയാണ് പാര്‍ട്ടി മറ്റൊരു പരിഹാരംതേടിയത്. പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ സ്ഥലത്തെ ചെറുപ്പക്കാരെ നിയോഗിക്കുക. എല്ലാസംരക്ഷണവും പാര്‍ട്ടി നല്‍കും. എന്നാല്‍ ഈ സംഘങ്ങള്‍ നിയമവും ശിക്ഷയും നടപ്പാക്കിയതോടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇവര്‍ കരുത്തരായി മാറി. നേതാക്കളുടെ ചെയ്തികള്‍ക്കെതിരെ അവര്‍ ചോദ്യങ്ങളുയര്‍ത്തി ഇതോടെ ഈ സംഘങ്ങള്‍ സിപിഎം നേതൃത്വത്തിന് ഭീഷണിയായി മാറി. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറയേണ്ട ഗതികേടിലെത്തിയപ്പോഴാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തിയെടുക്കാന്‍ തീരുമാനിച്ചത്. ആക്ഷന്‍ നടപ്പാക്കുക എന്ന ഉത്തരവാദിത്തം പ്രാദേശിക നേതൃത്വങ്ങളില്‍ നിന്നും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണത്തിലേക്ക്. പാര്‍ട്ടിയുടെ ഇമേജ് സംരക്ഷിക്കാനുള്ള മറ്റൊരു അടവ് നയം. ആസൂത്രണവും തീരുമാനവും പാര്‍ട്ടിയുടേത്. നടപ്പാക്കേണ്ടത് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളും. ഈ ക്വട്ടേഷന്‍ സംഘങ്ങളാണ് പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അതിരുവിടുമ്പോഴാണ് ചാട്ടവാറുമായി ചിലപ്പോഴൊക്കെ നേതാക്കളും നേതൃത്വവും രംഗത്തുവരിക. നേതാക്കളുടെ പേരില്‍ തന്നെ പാര്‍ട്ടി ആര്മികള് രംഗത്തു വന്നു. പിജെ ആര്‍മി, റെഡ് ആര്‍മിയുമൊക്കെ ചില പേരുകള്‍ മാത്രം. പാര്‍ട്ടി ഭാരവാഹികളേക്കാള്‍ സ്വാധീനമുള്ളവരാണ് ഈ സംഘങ്ങളുടെ നേതാക്കള്‍.
ഡിവൈഎഫ്ഐയെ ഇരുട്ടിലാക്കിയവര്‍
ഫെബ്രുവരി ഏഴിന് ഡിവൈഎഫ്ഐ കൂത്തുപറമ്പില്‍ നടത്തിയ പദയാത്ര പാതിവഴിയിലെ ഇരുട്ടിലായത് പാര്‍ട്ടി ഗ്രാമത്തിലെ ഇത്തരം സംഘങ്ങളുടെ പ്രതികാരം മൂലമാണ്. ലഹരി, ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ യുവജനപ്രതിരോധമെന്ന പേരിലായിരുന്നു ഡിവൈഎഫ്ഐ കാല്‍നട പ്രചാരണജാഥ നടത്തിയത്. മാനന്തേരിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് 5.30ന് കൂത്തുപറമ്പില്‍ സമാപിക്കുന്ന യാത്ര. തൊക്കിലങ്ങാടിയില്‍ നിന്ന് കൂത്തുപറമ്പിലേക്ക് വരുന്നതിന് പകരം പഴയ നിരത്ത് വഴിയായിരുന്നു ജാഥാറൂട്ട്. പഴയ നിരത്തില്‍ ജാഥയെത്തുമ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു. പ്രദേശത്തെ മൊത്തം ഇരുട്ടിലാക്കിക്കൊണ്ട് ട്രാന്‍സ്ഫോര്‍മര്‍ ഓഫായി. ഡിവൈഎഫ്ഐ പരിപാടി ഇരുട്ടിലാക്കിയത് മറ്റാരുമായിരുന്നില്ല. പാര്‍ട്ടി ഗ്രാമത്തില്‍ കരുത്താര്‍ജ്ജിച്ച സിപിഎം സംഘങ്ങള്‍ തന്നെ. പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന പാര്‍ട്ടിയിലെ ചിലരെ വിരട്ടാനായിരുന്നു യാത്ര. എന്നാല്‍ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഡിവൈഎഫ്ഐയെ ഇരുട്ടില്‍ നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതിനെതിരെ ഒരു പരാതിപോലും ഉണ്ടായില്ല.
പ്രദേശത്ത് ശീട്ടുകളിയുമായി ബന്ധപ്പെട്ട് ഇരു വിഭാഗം സിപിഎമ്മുകാര്‍ തമ്മില്‍ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചില ‘പ്രമുഖരെ’ വിരട്ടാന്‍ ഡിവൈഎഫ്ഐ ജാഥയായി എത്തിയത്. എന്നാല്‍ ഡിവൈഎഫ്ഐ ജില്ലാ നേതാക്കള്‍ അടക്കമുള്ളവരെ അപമാനിച്ചുകൊണ്ടാണ് പാര്‍ട്ടി ഗ്രാമത്തില്‍ ഡിവൈഎഫ്ഐ പരിപാടി മൊബൈല്‍ വെളിച്ചത്തില്‍ നടത്തേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ സ്വാധീനമുള്ള, കൂത്തുപറമ്പ് മേഖലയില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ അടുത്ത ബന്ധുവാണ് ഈ സംഘത്തിന് പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. അത്രമേല്‍ വളര്‍ന്നിരിക്കുന്നു ക്വട്ടേഷന്‍ സംഘങ്ങളുടെ വേരുകള്‍.
തുടക്കം മണല്ക്കടത്തിലൂടെ
ഇന്ന് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ എത്തി നില്ക്കുന്ന പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ തുടക്കം മണല്ക്കടത്തായിരുന്നു. കടവുകളിലെ മണല്‍ ലേലം ഏറ്റെടുത്തുകൊണ്ടാണ് ഇവര്‍ വളര്‍ന്നത്. മംഗലാപുരം ഭാഗത്ത് നിന്ന് അനധികൃതമായി മണല്‍ ഇറക്കി ലക്ഷങ്ങള്‍ ഉണ്ടാക്കി. കൂത്തുപറമ്പ് പാനൂര്‍ മേഖലകളില്‍ വ്യാപകമായ ചെങ്കല്‍ ക്വാറികളും ഇത്തരം സംഘങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി. ചെങ്കല്‍ പണകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് തീര്‍പ്പ് കല്‍പ്പിച്ചത്. സിപിഎമ്മിന്റെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും പ്രധാനവരുമാന മാര്‍ഗ്ഗമാണ് ഇത്തരം ക്വാറി മാഫിയയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍.
കാലം മാറിയതോടെ ക്വട്ടേഷന്‍ സംഘങ്ങള്‍ സ്വര്‍ണ്ണക്കള്ളക്കടത്തിലേക്കും ശ്രദ്ധതിരിച്ചു. കൊടിസുനിയടക്കമുള്ളവര്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ആസൂത്രകരായി മാറി. ടി.പി. ചന്ദ്രശേഖരന് കൊലക്കേസ് പ്രതികള്‍ ജയിലില്‍ പോലും നിര്‍ബാധം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. ജയിലഴികള്‍ക്കുള്ളില്‍ നിന്ന് കൊടിസുനിയടക്കമുള്ളവര്‍ സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രണം നിര്‍വ്വഹിച്ചു. കോടതി ശിക്ഷിച്ച് ജയിലില്‍ കിടക്കുന്നവര്‍ മാനസാന്തരത്തിന് വിധേയരാവുകയാണെന്ന തലശ്ശേരി എംഎല്‍എ എന്‍.എം.ഷംസീറിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടാണ് ജയിലറകള്ക്കുള്ളില് നിന്നുകൊണ്ട് ഇവര്‍ കൊടും കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: