ലക്‌നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി(എസ്പി)ക്ക് വലിയ തിരിച്ചടിയേറ്റു. 75 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 60-ല്‍ അധികം സീറ്റുകള്‍ ബിജെപി നേടി. വലിയ പ്രതീക്ഷയുണ്ടായിരുന്ന എസ്പി ആറിടങ്ങളില്‍ ഒതുങ്ങി. 2016-ല്‍ യാദവിന്റെ പാര്‍ട്ടിക്ക് 60 സീറ്റുകള്‍ ലഭിച്ചിരുന്നു. അടുത്തവര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ ആത്മവിശ്വാസമാണ് ജില്ലാ പഞ്ചായത്തുകളിലെ വിജയം ബിജെപിക്ക് നല്‍കുന്നത്.
’75 ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ 67 ഇടങ്ങളില്‍ ബിജെപി വിജയിച്ചു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയിക്കും’.- ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. 21 ബിജെപി സ്ഥാനാര്‍ഥികളും എസ്പിയില്‍നിന്ന് ഒരാളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 3,000 ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് യുപിയിലുള്ളത്. ഇവരാണ് ജില്ലാ അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: