റിയോ ഡി ജനീറോ: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. നാളെ പുലര്‍ച്ചെ 2.30ന് നടക്കുന്ന അവസാന എട്ടിലെ ആദ്യ പോരാട്ടത്തില്‍ പെറു പരാഗ്വെയുമായും 5.30നുള്ള രണ്ടാം അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ മുന്‍ ചാമ്പ്യന്മാരായ ചിലിയെയും നേരിടും.
ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനവുമായാണ് ആതിഥേയരായ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. നാല് കളികളില്‍ മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീല്‍ അവസാന എട്ടില്‍ ഇടം നേടിയത്. വെനസ്വേലയെ 3-0നും പെറുവിനെ 4-0നും കൊളംബിയയെ 2-1നും പരാജയപ്പെടുത്തിയ ബ്രസീല്‍ അവസാന കളിയില്‍ ഇക്വഡോറുമായി 1-1ന് സമനില പാലിച്ചു. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, ജീസസ്്, ഫ്രെഡ്, തിയാഗോ സില്‍വ തുടങ്ങിയ പ്രമുഖരെ പുറത്തിരുത്തിയാണ് വെനസ്വേലക്കെതിരെ കളിക്കാനിറങ്ങിയത്.
ചിലിക്കെതിരെ നാളെ സ്വന്തം മൈതാനത്ത് അനായാസ ജയമാണ് കാനറികള്‍ ലക്ഷ്യമിടുന്നത്. സൂപ്പര്‍ താരം നെയ്മര്‍, ഗബ്രിയേല്‍ ജിസസ്, റിച്ചാര്‍ലിസണ്‍ എന്നിവരായിരിക്കും മുന്നേറ്റത്തിന് കരുത്തുപകരാന്‍ ഇറങ്ങുക. മധ്യനിരയില്‍ പക്വേറ്റ, കാസിമിറോ, ഫ്രെഡ് എന്നിവരും പ്രതിരോധത്തില്‍ തിയാഗോ സില്‍വ, നായകന്‍ മാര്‍ക്വീഞ്ഞോസ്, ഡാനിലോ, അലക്‌സ് സാന്‍ഡ്രോ എന്നിവരും ഇറങ്ങിയേക്കും. തനതു ശൈലിയായ 4-4-2 രീതിയിലായിരിക്കും അവര്‍ ചിലിക്കെതിരെ കളത്തിലെത്തുക. മികച്ച പ്രതിരോധ-മധ്യ-മുന്നേറ്റനിരയാണ് അവരുടെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് കളികളില്‍ നിന്ന് 10 ഗോള്‍ നേടിയ അവര്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്.
അതേസമയം, ബ്രസീലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് സെമി സ്വപ്‌നം കണ്ടാണ് ചിലി ഇറങ്ങുന്നത്. രണ്ട് തവണ (2015, 16) കിരീടം നേടിയ ചിലി 2019-ല്‍ സെമിയില്‍ പെറുവിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. ഇത്തവണ കിരീടം ലക്ഷ്യമിടുന്ന അവര്‍ പക്ഷേ, ഇതുവരെ മികച്ച ഫോമിലെത്തിയിട്ടില്ല. ഗ്രൂപ്പ് എയില്‍ നിന്ന് നാലാം സ്ഥാനക്കാരായാണ് അവര്‍ ക്വാര്‍ട്ടറിലേക്ക് എത്തിയത്. കളിച്ച നാലില്‍ ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 5 പോയിന്റ്ാണ് നേടിയത്. മികച്ച താരനിരയുണ്ടെങ്കിലും ഒത്തൊരുമ ടീമില്‍ പ്രകടമായി കാണുന്നില്ല. എഡ്വേര്‍ഡോ വര്‍ഗാസും ആര്‍തുറോ വിദാലും അടങ്ങുന്ന താരനിര കടലാസില്‍ ശക്തരാണ്. ചാള്‍സ് അരാന്‍ഗ്വിസ്, ബെന്‍ ബ്രെറെറ്റണ്‍, യൂജിനോ മിന, ഗാരി മെഡല്‍, സെസാര്‍ പിനാരസ് എന്നീ മികച്ച താരങ്ങളും ടീമിലുണ്ട്. ഗോള്‍വലയ്‌ക്ക് മുന്നില്‍ നായകന്‍ ക്ലോഡിയോ ബ്രാവോയുമുണ്ടാകും. ബ്രാവോയുടെ സാന്നിധ്യമാണ് ചിലിയുടെ മറ്റൊരു കരുത്ത്.
പരാഗ്വെ- പെറു
45 വര്‍ഷത്തിലേറെ നീണ്ട കിരീട ദാരിദ്ര്യത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരാഗ്വെയും പെറുവും ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇരു ടീമുകളും രണ്ട് തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും ആ നേട്ടത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പരാഗ്വെ 1953, 79 ചാമ്പ്യന്‍ഷിപ്പിലും പെറു 1939, 1975 ചാമ്പ്യന്‍ഷിപ്പിലുമാണ് കിരീടം ഉയര്‍ത്തിയത്. പെറു 2019-ല്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടം കൈവിട്ടു. ഫൈനലില്‍ ബ്രസീലിനോട് 3-1ന് തോറ്റു.
ഇത്തവണ ഗ്രൂപ്പ് എയില്‍ നിന്ന് അര്‍ജന്റീനയ്‌ക്കും ഉറുഗ്വെയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായാണ് പരാഗ്വെ അവസാന എട്ടില്‍ ഇടം പിടിച്ചത്. അതേസമയം, പെറു ഗ്രൂപ്പ് ബിയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായും. തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് ഗോയിയാനിയില്‍ സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: