ശാസ്താംകോട്ട: വിസ്മയ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും ദിവസങ്ങളില്‍ ഉണ്ടാകും.
കഴിഞ്ഞ 22ന് പുലര്‍ച്ചെ മൂന്നിനാണ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടന്നുള്ള വിസ്മയയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐയുമായ പോരുവഴി കമ്പലടി ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ കിരണ പല തവണ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതായി അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.
ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ് കുമാറിനായിരുന്നു അന്വേഷണ ചുമതല. കേസ് അന്വേഷണം പണ്ടുരോഗമിക്കുന്നതിനിടെ രാജ് കുമാറിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ഇതിനിടെ പോലീസ് കസ്റ്റഡിയിലായിരുന്ന കിരണിന് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ കേസ് അന്വേഷണം എങ്ങുമെത്താതെ കുത്തഴിഞ്ഞ നിലയിലുമായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന തലത്തില്‍ തന്നെ ഇതിനകം പ്രമാദമായ വിസ്മയ കേസ് കാര്യക്ഷമമായി അന്വേഷിക്കാന്‍ പുതിയ ഒരു ഏജന്‍സി തന്നെ വേണമെന്നുള്ള പോലീസ് തലപ്പത്തെ വിലയിരുത്തലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കത്തിന് പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: