ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാനും ഉപയോക്താവിനെ ശക്തിപ്പെടുത്താനും വേണ്ടി കേന്ദ്ര ഐടി മന്ത്രാലയം കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ അര്‍ത്ഥവത്താണെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. സമൂഹമാദ്ധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ഇത്തരമൊരു ചട്ടം കൊണ്ടുവന്നത് മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഐടി നയങ്ങളെ വെല്ലുവിളിക്കുന്ന സമീപനവുമായി ട്വിറ്റർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ ഈ അനുകൂല പ്രസ്താവന. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്‌സ്ആപ്പും ഐടി ചട്ടങ്ങൾ പാലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുക എന്നത് അവിതര്‍ക്കിതമായ കാര്യമാണെന്നും അജിത് മോഹന്‍ ചൂണ്ടിക്കാട്ടി.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാൻ വേണ്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഫേസ്ബുക്ക് പൂർണ പിന്തുണ നൽകും. പുതുക്കിയ ഐടി നയങ്ങൾ ഫേസ്ബുക്ക് പാലിക്കുമെന്നും 70 കോടിയോളം ആളുകൾ ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ഉപയോക്താക്കളുടെ സുരക്ഷ ശക്തമാക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും അജിത് മോഹൻ വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നയം വ്യക്തമാക്കാൻ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള കമ്പനികളുടെ ബന്ധപ്പെട്ട വക്താക്കളോട് നേരിട്ട് ഹാജരാകാൻ കോൺഗ്രസ് എംപി ശശി തരൂരിന്റെ അദ്ധ്യക്ഷതയിലുള്ള പാർലമെന്‍ററി സമിതി ഉത്തരവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും പ്രതിനിധികൾ ഹാജരായി. ജനങ്ങളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണമെന്നും ഡാറ്റാ ചോർച്ച ഉൾപ്പെടെയുള്ളവ കർശനമായി പരിശോധിക്കണമെന്നും കമ്പനികളോട് സമിതി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: