മുംബൈ: ശിവസേന ബിജെപിയുമായി വീണ്ടും സഖ്യം രൂപീകരിക്കണമെന്ന് മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി കേന്ദ്രമന്ത്രി രാംദാസ് അതേവാല. ശിവസേന വീണ്ടും ബിജെപിയുടെ സഖ്യകക്ഷിയായി മാറണം. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല ബന്ധമുണ്ട്. സംസ്ഥാനത്തെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് താക്കറെ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ ഇരുവരും സംസാരിച്ചിട്ടുണ്ടായിരിക്കും. അതിനാല്‍ ശിവസേന എന്‍ഡിഎ ക്യംപിലേക്ക് തിരിച്ചെത്തണമെന്നാണ് തങ്ങളുടെ നിര്‍ദേശമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യുടെ അധ്യക്ഷന്‍കൂടിയായ രാംദാസ് അതേവാല പ്രതികരിച്ചു.
ശിവസേന ബിജെപിക്കൊപ്പം വീണ്ടുമെത്തണം. ഉദ്ധവ് താക്കറെ രണ്ടരവര്‍ഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അടുത്ത രണ്ടരക്കൊല്ലം ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസിനെ മുഖമന്ത്രിയാക്കാമെന്ന ഫോര്‍മുലയും അതേവാല മുന്നോട്ടുവച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ ദല്‍ഹിയിലെത്തി കണ്ടപ്പോള്‍, താക്കറെ മോദിയുമായി തനിച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സംസ്ഥാനത്തുണ്ടായ പല രാഷ്‌ട്രീയ സംഭവങ്ങളും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മാഹാരാഷ്‌ട്ര വികാസ് അഘാദി പിളര്‍പ്പിലേക്കെന്ന അടക്കം പറച്ചിലിന് ആക്കംകൂട്ടിയിട്ടുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന സംസ്ഥാന അധ്യക്ഷന്‍ നാന പടോളെയുടെ പ്രഖ്യാപനവും ഇടിനിടെയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ശിവസേന വീണ്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജെപിയുമായി ശിവസേനയ്‌ക്കുണ്ടായിരുന്ന സഖ്യം പുനഃസ്ഥാപിക്കണെന്ന് അടുത്തിടെ സേന എംഎല്‍എ പ്രതാപ് സര്‍നായിക്കും ആവശ്യപ്പെട്ടിരുന്നു. 2019-ലാണ് ശിവസേന എന്‍ഡിഎ വിട്ട് മറ്റ് രണ്ട് കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: