കൊല്ലം: സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സൗമ്യനും കരുത്തനുമായ നേതാവായിരുന്ന ജെപി ഇനിയില്ല. ജെപി ചേട്ടന് എന്ന ജയപ്രകാശ് നാരായണന് (61) ഇനി ദീപ്തമായ ഓര്മ. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെയാണ് അന്ത്യം. ആര്‍എസ്എസിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്.
തിരുമുല്ലവാരം ജവഹര്‍ നഗര്‍ 53ല്‍ ശ്രേയസ് വീട്ടില്‍ പരേതനായ വരവിള പത്മനാഭന്റെ മകനായ അദ്ദേഹം 1982ല്‍ കൊല്ലം എസ്എന്‍ കോളേജിലെ ബിരുദപഠന കാലഘട്ടത്തില്‍ നിരവധി തവണ ഡിവൈഎഫ്ഐ-എസ്എഫ്ഐയുടെ ആക്രമണങ്ങള്‍ക്ക് ഇരയായി. എസ്എഫ്ഐയുടെ കുത്തകയായിരുന്ന കോളേജില്‍ എബിവിപിയുടെ പ്രവര്‍ത്തനം ശക്തമാക്കിയതിന് പ്രതികാരമായി മുപ്പതിലേറെ വെട്ടുകളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. മരിച്ചു എന്ന് കരുതിയാണ് അന്ന് കമ്മ്യൂണിസ്റ്റ് അക്രമികള്‍ പോയത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭീഷണിയെ വക വയ്ക്കാതെ മുന്നോട്ടുപോയ അദ്ദേഹം വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കോളേജിലെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി.
എബിവിപി എസ്എന്‍ കോളേജ് യൂണിറ്റ് പ്രസിഡന്റും സംഘത്തിന്റെ പൂര്ണസമയപ്രവര്ത്തകനുമായി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സ്വകാര്യ കോളേജില്‍ അധ്യാപകനായിരുന്നു. ഭാര്യ: ശ്രീകല കുമാരി (സ്കൂള്‍ അധ്യാപിക), മക്കള്‍ : ജിഷ്ണു പ്രകാശ് (സൗത്ത് ഇന്ത്യന്‍ബാങ്ക്), അഡ്വ.കൃഷ്ണപ്രകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: