ന്യൂദല്‍ഹി: ഡ്രോണ്‍ ഉപയോഗിച്ച് കശ്മീര്‍ വ്യോമസേനാ കേന്ദ്രത്തില്‍ പാക് ഭീകരര്‍ ആക്രമണം നടത്തിയ സംഭവം ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചു. ആയുധം നിറച്ച ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം വളരെ ഗൗരവതരമായ ശ്രദ്ധ പതിയേണ്ടതാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി. സഭയിലെ ഇന്ത്യയുടെ പ്രതിനിധി, ആഭ്യന്തര മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദിയാണ് ഇക്കാര്യം ഉന്നയിച്ചത്. ചില രാജ്യങ്ങള്‍ ഭീകരരുടെ സ്വര്‍ഗമാണ്. ഭീകരര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്ന രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് വെല്ലുവിളിയാണെന്നും കൗമുദി പറഞ്ഞു.
ശാസ്ത്ര, സാങ്കേതിക അറിവുകളും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഭീകരര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ഭീഷണിയാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയില്‍ ചേര്‍ന്ന, ഭീകര വിരുദ്ധ ഏജന്‍സികളുടെ ഉന്നതതല യോഗത്തിലാണ് വി.എസ്.കെ. കൗമുദി ഡ്രോണ്‍ ആക്രമണം ഉന്നയിച്ചത്.
ഡ്രോണ്‍ ആക്രമണ രീതി മാരകവും ലോകത്തെ മുഴുവന്‍ സുരക്ഷാ ഏജന്‍സികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതുമാണെന്ന് കൗമുദി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാജ്യങ്ങളുടെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. അതിര്‍ത്തിവഴി കള്ളക്കടത്തിനും ആയുധങ്ങള്‍ കടത്തുന്നതിനും ഇവ ഉപയോഗിക്കുന്നുണ്ട്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭീകരതക്കെതിരെ ലോകരാജ്യങ്ങള്‍ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഈ വെല്ലുവിളി നേരിട്ടില്ലെങ്കില്‍ ഭീകരവിരുദ്ധ പോരാട്ടം ദുര്‍ബലമാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: