കോപ്പന്‍ഹേഗന്‍: നാടകീയതയും ആവേശവും ഒരു പോലെ നിറഞ്ഞ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രോയേഷ്യയെ വീഴ്ത്തി സ്പെയന് ക്വാര്‍ട്ടറില്‍. ഗോളുകളുടെ മേളമാണ് മത്സരത്തില്‍ ആവേശം നിറച്ചത്. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ അധിക സമയത്ത് പിറന്നത് രണ്ട് ഗോളുകള്‍.
ആദ്യ പകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാം പകുതി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരെ നടത്തി. രണ്ട് ഗോളുകളാണ് ആദ്യ പകുതിയില്‍ പിറന്നത്. സ്പെയ്ന്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ നാടകീയതയുടെ തുടക്കമായി. കളി മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഗോളിയുടെ പിഴവില്‍ നിന്ന് സെല്‍ഫ് ഗോള്‍ വഴങ്ങുന്നത്. പെഡ്രി നല്കിയ പാസ് അലസമായി സ്വീകരിച്ചതോടെ ഗോള്‍ വല കടന്നു. ഇരുപതാം മിനിറ്റില്‍ ക്രോയേഷ്യ മുന്നില്‍.
പിന്നീട് സ്പെയ്ന്‍ ഒന്നടങ്കം ഗോളിനായി പരിശ്രമിച്ചു. സരാബിയയും പെട്രിയും കോക്കെയും മൊറാട്ടയുമെല്ലാം തുടരെ ആക്രമണം നടത്തി. ഒടുവില്‍ 38-ാം മിനിറ്റില്‍ സ്പെയ്ന്‍ ആദ്യ ഗോള്‍ നേടി. പാബ്ലോ സരാബിയയുടെ വകയായിരുന്നു ഗോള്‍. ഹൊസെ ഗയയുടെ ഷോട്ട് ക്രോയേഷ്യന്‍ ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ലഭിച്ച സരാബിയ വലയിലെത്തിച്ചു. ആദ്യ പകുതി ഒപ്പത്തിനൊപ്പം പിരിയുമ്പോള്‍ സ്പെയ്ന്‍ ഉറപ്പിച്ച പല ഗോളുകളും നഷ്ടപ്പെടുത്തിയിരുന്നു. സെസാര്‍ അസ്പിലിക്യുവേറ്റ 57-ാം മിനിറ്റില്‍ സ്പെയ്ന്‍ ലീഡ് നല്കി. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ഫെറാന്‍ ടോറസിന്റെ ക്രോസ് അസ്പിലിക്യുവേറ്റ അനായാസം ലക്ഷ്യത്തിലെത്തിച്ചു. വിങ് ബാക്ക് പൊസെ ഗയയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി സ്പെയ്ന്‍ മൂന്നാം ഗോള്‍ നേടി. ഫെറാന്‍ ടോറസിന്റെ അതിവേഗ മുന്നേറ്റം ഗോളിലേക്കെത്തി. 77-ാം മിനിറ്റിലായിരുന്നു ഗോള്‍.
ഇതിന് പിന്നാലെയായിരുന്നു ക്രോയേഷ്യയുടെ തിരിച്ചുവരവ്. മിസ്ലാവ് ഓര്‍സിച്ചിലൂടെ ക്രോയേഷ്യ രണ്ടാം ഗോള്‍ നേടി. 85-ാം മിനിറ്റിലായിരുന്നു ഗോള്‍. കളി തീരാന്‍ അധിക സമയത്ത് ക്രോയേഷ്യ വീണ്ടും ഗോളടച്ചു. മാരിയോ പസാലിച്ചിന്റെ ഹെഡര്‍ ഗോളായി. സമനില പിടിച്ച ക്രോയേഷ്യ അവസാന മിനിറ്റുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
ഗോള്‍ ശ്രമം തുടര്‍ന്ന സ്പെയ്ന്‍ അധിക സമയത്തിന്റെ പത്താം മിനിറ്റില്‍ ഗോള്‍ നേടി. അല്‍വാരോ മൊറാട്ടയുടെ ഹാഫ് വോളി ഗോളിലെത്തി. മൂന്ന് മിനിനിപ്പുറം സ്പെയ്ന്‍ വീണ്ടും ഗോള്‍ നേടി. മിക്കല്‍ ഒയര്‍സബാളിന്റെ വകയായിരുന്നു അഞ്ചാം ഗോള്‍. മറുവശത്ത് ക്രോയേഷ്യ പോരാട്ടം നടത്തിയെങ്കിലും ഒപ്പമെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: