തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്ന് വിലനിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എബിവിപി. ഉയര്‍ന്നവിലയ്ക്കു കാരണം അടിസ്ഥാനവിലയേക്കാളേറെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന ഭീമമായ നികുതിയാണ്. ജിഎസ്ടി പരിധിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുകയാണെങ്കില്‍ ഇതിന് പരിഹാരം കാണാനാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് തായാറാകണമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെഎം വിഷ്ണു ആവശ്യപ്പെട്ടു.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കേരളത്തിലെ മുന്‍ ധനമന്ത്രി തോമസ് ഐസക്കായാലും നിലവിലെ ധനമന്ത്രി ആയിട്ടുള്ള കെഎന്‍ ബാലഗോപാലയാലും പെട്രോളിയം ഉത്പന്നങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ഇവര്‍ തുടര്‍ന്നുപോരുന്നതെന്നും കെഎം വിഷ്ണു ചൂണ്ടിക്കാട്ടി.
ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രസര്‍ക്കാര്‍ നികുതിയായി 33 രൂപയും കേരള സര്‍ക്കാര്‍ നികുതിയായി 23 രൂപയുമാണ് ഈടാക്കുന്നത്. 100 രൂപ വിലവരുന്ന ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ അതില്‍ ഏകദേശം 56 രൂപയോളം സര്‍ക്കാരുകള്‍ നികുതിയിനത്തില്‍ വീതിച്ചെടുക്കുന്നുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഇത്തരം പിടിവലികള്‍ ഉപേക്ഷിച്ചുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്കുകീഴില് കൊണ്ടുവരുവാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണംമെന്നും പത്രക്കുറിപ്പിലൂടെ എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: