കൊച്ചി: കേരള കത്തോലിക്ക മെത്രാന് സമിതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ നല്കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ ഡിജിപി ലോക്നാഥ് ബെഹ്റ ശരിവെച്ചതെന്ന് കത്തോലിക്ക സഭാ മുഖപത്രം. കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്നും ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകളെ തീവ്രവാദികള്‍ ഇവിടെ ലക്ഷ്യമിടുന്നുവെന്നും ഇത്തരക്കാരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി അങ്ങോട്ടേക്ക് കൊണ്ടുപോകാം എന്നുള്ളതാണ് അവരുടെ ലക്ഷ്യമെന്നുമായിരിന്നു വിരമിക്കാനിരിക്കെ ഡിജിപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഈ വിഷയത്തില്‍ കെസിബിസി നേരത്തെ തന്നെ ഭരണകൂടത്തോട് ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിന്നുവെന്ന് പ്രവാചക ശബ്ദം പറയുന്നു.
പുതു തലമുറയ്ക്ക് ആകര്‍ഷകമായ ഒരു ജീവിത രീതിയായി ഭീകരപ്രവര്‍ത്തനം മാറാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനു നേരേ ഇനി എത്രനാള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുമെന്നും ചോദ്യമുയര്‍ത്തിക്കൊണ്ട് 2019-ല്‍ അന്നത്തെ കെസിബിസി വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് രംഗത്തുവന്നിരിന്നു. കാശ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടാവുന്നത് ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെന്‍കുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ എന്ന ചോദ്യവും ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ഉയര്‍ത്തിയിരിന്നു.
വോട്ടുബാങ്കില്‍ കണ്ണുനട്ടും സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭംകണ്ടും വര്‍ഗീയ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ള നിഗൂഢ നിലപാടുകളാണ് ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയതെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു.
ആഗോളതലത്തില്‍ വേരുകളുള്ളതും ശക്തമായ ഒരു സമാന്തര സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഭീകരതയുടെ ഒരു പുതുതരംഗം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകമേധാവിത്വം കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന ഒരു മതാധിഷ്ഠിത ഭരണക്രമം സ്വപ്നം കാണുന്ന ഇവര്‍ വിവിധ രൂപഭാവങ്ങളോടെ ഈ നാട്ടിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും കെസിബിസി ജാഗ്രത കമ്മീഷന് നിരവധി മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചിരിന്നു. കെസിബിസി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച ആശങ്ക ശരിവെയ്ക്കുന്നതാണ് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളെന്ന് പ്രവാചക ശബ്ദം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: