ന്യൂദല്‍ഹി : ഇന്ത്യയില്‍ നാലാമതൊരു വാക്സിന് കൂടി ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ അടിയന്തിരാനുമതിക്ക് അംഗീകാരം നല്കി. യുഎസ് നിര്‍മിത മൊഡേണ വാക്സിന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാണ് ഡിസിജിഐ അനുമതി നല്‍കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിപ്ലയാണ് മൊഡേണ വാക്സീന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വില്ക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നല്‍കിയത്.
രാജ്യത്തെ വാക്സിനേഷന് നടപടികള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അതിനു പിന്നാലെയാണ് മോഡേണ വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് വിദേശ വാക്സിന് ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ ഡിജിസിഐ അടുത്തിടെ ഇളവും വരുത്തിയിരുന്നു.
അമേരിക്കന്‍ കമ്പനിയായ മൊഡേണ, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷസ് ഡിസീസ്, ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് അതോറിട്ടി എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഈ വാക്സീന് സ്പൈക് വാക്സ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് അമേരിക്കയില്‍ ഇറക്കിയത്. എംആര്‍എന്‍എ വാക്സിനായ മൊഡേണ മൂന്നാംഘട്ട പരീക്ഷണത്തില്‍ 94 ശതമാനം ഫലപ്രാപ്തിയുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.
നിലവില്‍ യുഎസ്എ, കാന്നഡ, യൂറോപ്യന്യൂണിയന്, യുകെ, ഇസ്രയേല്‍ അടക്കം ലോകത്തെ 53 രാജ്യങ്ങളില്‍ മൊഡേണ വാക്സിന് ഉപയോഗത്തിലുണ്ട്. 28 മുതല്‍ 42 ദിവസം വരെയാണ് രണ്ടാം വാക്സിനെടുക്കാനുള്ള ഇടവേള. കൊവീഷീല്‍ഡ്, കൊവാക്സിന്, റഷ്യയുടെ സ്പുട്നിക് എന്നീ മൂന്ന് വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ വിതരണത്തിനുള്ളത്.
ഡോ.റെഡ്ഡീസ് ലാബ്സാണ് സ്പ്ടുനിക് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സ്പുട്നിക് വാക്സിന് ഇപ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം കൂടുതല്‍ കമ്പനികള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്പുട്നിക് ഇതുവരെ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: