തിരുവനന്തപുരം: സംസ്ഥാനം ഭീകരരുടെ റിക്രൂട്ട്മെന്റ് കേന്ദ്രമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ തുറന്ന് പറച്ചില് നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചശേഷം. ഇന്റലിജന്റ്സ് വിഭാഗത്തിലെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം(ഐഎസ്ഐടി)പോലും പ്രവര്‍ത്തനരഹിതമായി. ആന്റി ടെററിസ്റ്റ് ഫോഴ്സ് മാസങ്ങളോളം നിശ്ചലമായി കിടന്നു. ഇതൊന്നും പ്രാവര്‍ത്തികമാക്കാതെയാണ് കേരളത്തിലേക്ക് എത്തിയപ്പോള്‍ മുതല്‍ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്ഐടി, കമ്മ്യൂണല്‍ സെല്‍, എന്നിവയാണ് ആഭ്യന്തര സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍. രഹസ്യാന്വേഷണ വിഭാഗം നല്കുന്ന വിവരങ്ങളില്‍ അന്വേഷണം നടത്തേണ്ട ഐഎസ്ഐടി മൂന്നര വര്‍ഷമായി നിശ്ചലമാണ്. ഒരു ഐജിയും ഡിഐജിയും എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ള ഘടന ഇതിലുണ്ടെങ്കിലും വേണ്ടത്ര അന്വേഷണ ഉദ്യോഗസ്ഥരെ പോലും നല്‍കിയിട്ടില്ല. തലസ്ഥാനം ഉള്‍പ്പെടെ ചില പോലീസ് ജില്ലകളില്‍ ഡിവൈഎസ്പിയും ഒരു പോലീസുകാരനും മാത്രമാണ് ഉള്ളത്. ചിലയിടത്ത് ഡിവൈഎസ്പി പോലും ഇല്ല. മതസംഘടനകളിലെ തീവ്രവാദവും അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കേണ്ട കമ്മ്യൂണല്‍ സെല്ലില്‍ ഡിവൈഎസ്പി മാത്രമാണ് ഉള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇന്റലിജന്‍സ്, മറ്റ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവരുമായി നിരന്തരം സമ്പര്‍ക്കത്തിലിരിക്കേണ്ട ഇരുവിഭാഗങ്ങള്‍ നിശ്ചലമായി കിടന്നിട്ടും ഡിജിപിയുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായില്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.
പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗമായ ആന്റി ടെററിസ്റ്റ് ഫോഴ്സ് അഥവാ ആന്റി ടെററിസ്റ്റ് സ്ക്വാഡ് പേരില്‍ മാത്രം ഒതുങ്ങികിടന്നത് മാസങ്ങളോളമാണ്. എടിഎസ് 2020 ജനുവരി മൂന്നിനാണ് ഒരു ഡിഐജിയെ പോലും നിയമിച്ചത്. അതിന് മുമ്പ് തൃപ്പുണിത്തുറയില്‍ ഒരു ഓഫീസും ഒരു എസ്പിക്ക് ചുമതലയും നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ആന്റി ടെററിസ്റ്റ് സ്ക്വാഡിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നത് അടക്കം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും തീവ്രവാദികളുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടയാല്‍ ഈ വിഭാഗത്തിന് നോക്കി നില്‍ക്കാനേ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: