കോട്ടയം: കോട്ടയംകാരുടെ നാവില്‍ രുചികൊണ്ട് കപ്പലോട്ടം നടത്തിയ ബെസ്റ്റോട്ടല്‍ ഓര്‍മ്മയിലേക്ക്. ആറര പതിറ്റാണ്ട് പിന്നിട്ട രുചിപ്പെരുമ ഈ വരുന്ന ആഗസ്ത് 31 മുതല്‍ ഓര്‍മ്മയാകും. എന്നാല്‍ പാടിയും പറഞ്ഞും എഴുതിയും ബെസ്റ്റോട്ടല്‍ നിറഞ്ഞു നില്ക്കും.
ചരിത്രമിങ്ങനെ…
രഞ്ജി ട്രോഫിയില്‍ തിരുകൊച്ചി ടീമിന്റെ ക്യാപ്റ്റനായിരുന്ന തലശ്ശേരി ക്കാരനായ പി.എം. രാഘവനാണ് ബെസ്റ്റോട്ടല്‍ ആരംഭിച്ചത്. ബേക്കറി ബിസിനസിനായി കോട്ടയത്ത് എത്തിയ രാഘവന് പിന്നീട് സ്നേഹപൂര്‍വ്വം ഭക്ഷണം വിളമ്പി കോട്ടയംകാരുടെ മനം കവര്‍ന്ന് ഇവിടുത്തുകാരനായി മാറുകയായിരുന്നു. 1883ല്‍ കേരളത്തില്‍ ആദ്യമായി കേക്ക് നിര്‍മിച്ച മമ്പള്ളി ബാപ്പുവിന്റെ ബന്ധുവായിരുന്നു രാഘവന്റെ അച്ഛന് മമ്പള്ളി ഗോപാലന്.
1944 ലാണ് രാഘവന് ബെസ്റ്റ് ബേക്കറി ആരംഭിക്കുന്നത്. പത്തുവര്‍ഷം കഴിഞ്ഞ് 1954ലാണ് ബെസ്റ്റോട്ടല്‍ ആരംഭിച്ചത്. ബന്ധുവായ പി.എം. അച്യുതനായിരുന്നു രാഘവന് അന്ന് കൂട്ടായത്. അവിടെ ഉണ്ടായിരുന്ന സെന്‍ട്രല്‍ തിയേറ്റര്‍ വില്‍ ക്കുന്നതറിഞ്ഞ രാഘവന് അതു വാങ്ങുകയായിരുന്നു. തിയേറ്ററിന്റെ രൂപം മാറ്റരുതെന്ന ഉടമകളുടെ ആവശ്യം അംഗീകരിച്ച് ഹോട്ടല്‍ സജ്ജമാക്കി. ബാല്‍ ക്കണിയാണ് റെസ്റ്റോറന്റ് ആക്കി മാറ്റിയത്. കൂടാതെ 22 മുറികളും പണിതു.
ആതിഥ്യപെരുമയറിഞ്ഞ് പ്രമുഖര്‍
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കോട്ടയത്ത് എത്തിയാല്‍ ബെസ്റ്റോട്ടലിലായിരുന്നു ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നതും താമസിച്ചിരുന്നതും. തകഴിയും വയലാറും എ.കെ.ജിയും ജോണ്‍ എബ്രഹാമും യേശുദാസുമെല്ലാം പലതവണ ബെസ്റ്റോട്ടലില്‍ അതിഥികളായി. ബെസ്റ്റോട്ടലിന്റെ ഏഴാം നമ്പര്‍ മുറിയില്‍ ഇരുന്നാണ് വയലാര്‍ രാമവര്‍മ ബലികുടീരങ്ങളേ… എന്ന ഗാനം എഴുതിയത്. ഒന്‍പതാം നമ്പര്‍ മുറിയിലിരുന്നാണ് തകഴി ശിവശങ്കരപ്പിള്ള നോവല്‍ രണ്ടിടങ്ങഴി എഴുതി പൂര്‍ത്തിയാക്കിയത്.
എഴുത്തുകാരായ പൊന്‍കുന്നം വര്‍ക്കി, മുട്ടത്ത് വര്‍ക്കി, സംവിധായകരായ ജോണ്‍ ഏബ്രഹാം, പത്മരാജന്, അരവിന്ദന്, നടീ നടന്മാരായ നസീര്‍, ഷീല, മധു എന്നിവരെല്ലാം ഇവിടുത്തെ ആതിഥ്യം സ്വീകരിച്ചവരാണ്. അന്നൊക്കെ ഗാനഗന്ധര്വന് യേശുദാസ് കോട്ടയത്ത് എത്തിയാല്‍ ഇവിടെയായിരുന്നു താമസിച്ചത്. ബില്യാഡ്സ്, ടേബിള്‍ ടെന്നിസ് എന്നിവ കളിക്കാനുള്ള സൗകര്യം അന്ന് ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹിന്ദി ചലച്ചിത്രതാരം ഷമ്മി കപൂര്‍ ഇവിടെ ബില്യാഡ്സ് കളിച്ചിട്ടുണ്ട്. ദിലീപ് കുമാര്‍, ബല്‍രാജ് സാഹ്നി, സൈറ ബാനു എന്നിവരും ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. പണ്ട് കോട്ടയത്തെ പത്രപ്രവര്‍ത്തകരുടെ സങ്കേതവും ഇവിടെയായിരുന്നു. കത്തിടപാടുകള്‍ മാത്രമുണ്ടായിരുന്ന കാലത്ത് കോട്ടയത്തെ പ്രധാന വിലാസങ്ങളില്‍ ഒന്നായിരുന്നു ബെസ്റ്റോട്ടല്‍. പോസ്റ്റ് ബോക്സ് നമ്പര്‍ 2, കോട്ടയം 1 എന്ന വിലാസത്തിലേക്കു പലര്‍ക്കുമുള്ള കത്തുകള്‍ എത്തിയിരുന്നു.
പ്രശസ്ത ഗായകരായ ജയവിജയന്മാരുടെ വിവാഹ സത്കാരം നടന്നത് ബെസ്റ്റോട്ടലിലായിരുന്നു. ജയന് സരോജിനിയെയും വിജയന് രാജമ്മയെയും ജീവിത സഖികളാക്കിയത് ഒരേ ദിവസമായിരുന്നു. അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ എന്ന നോവലില്‍ ബെസ്റ്റോട്ടല്‍ പല സ്ഥലങ്ങളിലും കടന്നു വരുന്നുണ്ട്.
ഇന്നിപ്പോള്‍…
വര്‍ഷങ്ങള്‍ കടന്നുപോയി… രുചി വൈവിദ്ധ്യത്തിന്റെ പെരുമ തലമുറ പിന്നിട്ടു. രാഘവന്റെ മകനും കേരള മുന്‍ രഞ്ജി താരവും രഞ്ജി ട്രോഫി മുന്‍ സെലക്ടറുമായ എ.പി.എം. ഗോപാലകൃഷ്ണനും ഭാര്യ ഷീല ഗോപാലകൃഷ്ണനും ചേര്‍ന്ന് ഹോട്ടല്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയി. കോവിഡും ലോക്ഡൗണും കൊണ്ടുള്ള പ്രതിസന്ധിക്കൊപ്പം ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ അടുത്ത തലമുറയില്‍ നിന്നാരും കോട്ടയത്ത് ഇല്ലാത്തതും കാരണം ഹോട്ടലിന് ഷട്ടറിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ കുടുംബം. ഇവരുടെ മക്കളായ സന്ധ്യ യുഎസിലും സംഗീത കോഴിക്കോടുമാണുള്ളത്.
ഹോട്ടലിരിക്കുന്ന സ്ഥലം ഒരു ജ്വല്ലറി ഗ്രൂപ്പിനു കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചതായി എ.പി.എം. ഗോപാലകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു. ബെസ്റ്റോട്ടലിന്റെ പേരു നിലനിര്‍ത്താന്‍ ബെസ്റ്റ് ബേക്കറി ഇതിനു സമീപത്തുതന്നെ തുടരും. ബന്ധു എം.കെ. രവീന്ദ്രനാണ് ബേക്കറി നടത്തുക. നഗരത്തിലുള്ള മറ്റ് മൂന്ന് ബെസ്റ്റ് ബേക്ക്സ് ബ്രാഞ്ചുകളിലും രുചിപ്പെരുമ നിറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: