ന്യൂദല്‍ഹി: യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നയതന്ത്ര പാഴ്സലിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി വിദേശകാര്യമന്ത്രാലയം. കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് ഒരുക്കത്തിന്റെ ഭാഗമായി യുഎഇക്ക് വിദേശകാര്യമന്ത്രാലയം നോട്ടീസ് നല്കി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കണ്ടെത്തലുകളും കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകളും പെന്‍ഡ്രൈവില്‍ നല്കി. നോട്ടീസിനോട് എത്തരത്തില്‍ യുഎഇ പ്രതികരിക്കും എന്നത് ഏറെ നിര്‍ണായകമാണ്. ഇത് ഉഭയകക്ഷി ബന്ധത്തിലും നിര്‍ണായകമാകും.
സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പറയുന്ന യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇരുവരും ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു.
നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ കേസില്‍ ഇത്തരമൊരു നീക്കം ആദ്യമായാണ്. വിയന്ന കണ്വെന്ഷന് പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഔദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്റെ കണ്ടെത്തല്‍ യുഎഇയ്ക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: