ഗോയിയാനിയ: കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനക്കാരായാണ് ഇക്വഡോര്‍ അവസാന എട്ടിലെത്തിയത്. കളിച്ച നാലില്‍ മൂന്ന് സമനില പിടിച്ചാണ് ഇക്വഡോര്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്.
തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ബ്രസീലിനെതിരേ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവെച്ചത്. ബ്രസീലിനായി എഡെര്‍ മിലിട്ടാവോയും ഇക്വഡോറിനായി ഏംഗല്‍ മീനയും ലക്ഷ്യം കണ്ടു. 2019 നവംബറിലെ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയോടു കീഴടങ്ങിയതിനു ശേഷമുള്ള ബ്രസീലിന്റെ വിജയക്കുതിപ്പിനാണ് ഇക്വഡോര്‍ തടയിട്ടത്. നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്.
ടീമില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന് ടിറ്റെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, ഫ്രെഡ്, കാസെമിറോ, തിയാഗോ സില്‍വ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ ബെഞ്ചിലാണ് ഇടം പിടിച്ചത്.
തുടക്കം മുതല്‍ ഇക്വഡോര്‍ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. പത്താം മിനിട്ടില്‍ ഇക്വഡോറിന്റെ വലന്‍സിയ എടുത്ത ലോങ്റേഞ്ചര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ബ്രസീലിന്റെ ലൂക്കാസ് പക്വേറ്റയുടെ ലോങ്റേഞ്ചര്‍ ഇക്വഡോര്‍ ഗോളി ഗലിന്‍ഡെസ് തട്ടിയകറ്റി. 16-ാം മിനിറ്റില്‍ ഇക്വഡോറിന്റെ പ്രധാന താരങ്ങളിലൊരാളായ മോയ്സസ് കസീഡോ പരിക്കേറ്റ് പുറത്തുപോയി. ഏംഗല്‍ മീനയാണ് പകരം എത്തിയത്. 27-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ഇക്വഡോര്‍ പോസ്റ്റിലുരുമ്മി കടന്നുപോയി. 37-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് നേടി. പ്രതിരോധതാരം എഡെര്‍ മിലിറ്റാവോയാണ് ഗോള്‍ നേടിയത്. എവര്ട്ടണ് എടുത്ത ഫ്രീകിക്കിലൂടെയാണ് ഗോള്‍ പിറന്നത്. എവര്ട്ടണ് ഇക്വഡോര്‍ ബോക്സിലേക്ക് ഉയര്‍ത്തിവിട്ട ഫ്രീകിക്ക് കൃത്യമായി സ്വീകരിച്ച മിലിട്ടാവോ മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ബ്രസീലിനുവേണ്ടി താരം നേടുന്ന ആദ്യ ഗോളാണിത്. 2021 കോപ്പ അമേരിക്കയില്‍ ബ്രസീലിനായി ഗോള്‍ നേടുന്ന ഒന്‍പതാമത്തെ താരവുമായി മിലിറ്റാവോ.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി ഇക്വഡോര്‍ പരമാവധി ശ്രമിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധത്തെ മറികടക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 50-ാം മിനിട്ടില്‍ പ്രെസിയാഡോയുടെ ലോങ്റേഞ്ചര്‍ ബ്രസീല്‍ അലിസണ് പന്ത് തട്ടിയകറ്റി. പിന്നാലെ വലന്‍സിയയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. എന്നാല്‍ മഞ്ഞപ്പടയെ ഞെട്ടിച്ച് 53-ാം മിനിറ്റില്‍ ഇക്വഡോര്‍ ഗോള്‍ നേടി. ഏംഗല്‍ മീനയാണ് ലക്ഷ്യം കണ്ടത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് സ്വീകരിച്ച മീന മികച്ച ഒരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഗോള്‍ നേടിയതോടെ ഇക്വഡോര്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചു. പകരക്കാരായി വിനീഷ്യസും കാസെമിറോയും വന്നതോടെ ബ്രസീലിന്റെ ശൈലി മാറി. ഇതോടെ മത്സരം ആവേശത്തിലായി. 66-ാം മിനിറ്റില്‍ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. വിജയം നേടുന്നതിനായി ബ്രസീല്‍ പരിശീലകന് എവര്ട്ടണ് റിബേറോയെയും റിച്ചാര്ലിസണിനെയുമെല്ലാം കളത്തിലിറക്കിയെങ്കിലും വിജയ ഗോള്‍ വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: