ചെന്നൈ: ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ “ജയ് ഹിന്ദ്” എന്ന അഭിസംബോധന ഒഴിവാക്കിയതിനെ അഭിനന്ദിച്ച സഖ്യകക്ഷിയില്‍പെട്ട എംഎല്‍എ ഇ.ആര്. ഈശ്വരന് നിയമസഭയില്‍ പ്രസംഗം വിവാദമാകുന്നു. ഇതിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണ്.
ഇദ്ദേഹത്തിന്റെ വിവാദ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍. ‘എഐഎഡിഎംകെ ഭരിയ്ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഡിഎംകെ അധികാരത്തില്‍ വന്ന ശേഷം ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്നും ജയ് ഹിന്ദ് നീക്കം ചെയ്യുകയുണ്ടായി’- കൊംഗുനാട് മക്കള്‍ ദേശിയ കക്ഷി (കെഎംഡികെ) നേതാവായ ഈശ്വരന് നിയമസഭയില്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വിവാദപ്രസംഗത്തിന് ശേഷം അദ്ദേഹം വിവാദപ്രസ്താന പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി ഇതിനെതിരെ തമിഴ്നാട്ടില്‍ സംസ്ഥാന വ്യാപകമായി ജയ് ഹിന്ദ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ദ്വിഭാഷാ നയത്തെയാണ് മാത്രമാണ് താന്‍ വിമര്‍ശിച്ചതെന്നും അല്ലാതെ രാജ്യസ്നേഹവുമായി തന്റെ പ്രസ്താവനയ്ക്ക് ബന്ധമില്ലെന്നും ഈശ്വരന് പത്രപ്രവര്‍ത്തകരോട് വിശദീകരിച്ചെങ്കിലും ബിജെപി ഇത് ചെവിക്കൊള്ളാന്‍ തയ്യാറല്ല.
ഡിഎംകെയുടെയും വിവാദ എംഎല്‍എ ഈശ്വരന്റെയും നടപടികള്‍ക്കെതിരെ തമിഴ്നാട് ബിജെപി പ്രസിഡന്റ് ഡോ.എല്‍. മുരുകന് തിങ്കളാഴ്ച നിയമസഭയില്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ബിജെപി തമിഴ്നാട് നിയമസഭയില്‍ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ജയ് ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അണ്ണാമലൈ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ സംവാദം തരംതാഴ്ന്നിരിക്കുന്നു എന്നാണ് അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചത്. അതുപോലെ കേന്ദ്ര സര്‍ക്കാരിനെ ‘ഒണ്ട്രിയ അരശു’ എന്ന് വിശേഷിപ്പിക്കാനുള്ള നീക്കത്തെയും അണ്ണാമലൈ വിമര്‍ശിച്ചു. 2006 മുതല്‍ 2011 വരെ കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി അധികാരം പങ്കിട്ട പാര്‍ട്ടിയാണ് ഡിഎംകെ എന്ന് മറക്കരുതെന്നും അണ്ണാമലൈ പറഞ്ഞു.
ജയ് ഹിന്ദില് രാഷ്ട്രീയമില്ലെന്നും അത് ബിജെപി വിരുദ്ധമല്ലെന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്. അത് രാജ്യസ്നേഹത്തിന്റെ മുദ്രാവാക്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യസമരസേനാനി നേതാജി സുഭാഷ് ചന്ദ്രബോസാണ് ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തെ ജനപ്രിയമാക്കിയത്.
തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ സഖ്യകക്ഷിയാണെങ്കിലും കോണ്‍ഗ്രസും ജയ് ഹിന്ദ് വിഷയത്തില്‍ ബിജെപിയ്ക്കൊപ്പമാണ്. തമിഴ്നാട് കോണ്‍ഗ്രസ് സമിതി ഞായറാഴ്ച ട്വിറ്ററില്‍ ഇന്ദിരാഗാന്ധിയുടെ ആവേശത്തോടെ ജയ് ഹിന്ദ് വിളിക്കുന്ന ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ജയ് ഹിന്ദ് വിളിക്കുന്നതില്‍ അഭിമാനം എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: