ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച് എന്‍ഐഎയും വ്യോമസേനയും അന്വേഷണം തുടങ്ങി. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം രാജ്യത്ത് ഇതാദ്യമാണ്. അതിര്‍ത്തിവഴി ഭീകരരെ നുഴഞ്ഞുകയറ്റി ആക്രമണം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് പാക്കിസ്ഥാന് പുതിയ രീതി പരീക്ഷിച്ചതെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണവും കശ്മീര്‍ ഭീകര വിമുക്തമാക്കുവാനുള്ള പ്രവര്‍ത്തനം വിജയത്തിലേയ്ക്ക് നീങ്ങിയതോടെ പാക്കിസ്ഥാന് മറ്റു മാര്‍ഗങ്ങള്‍ തേടിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്നും ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലേയ്ക്ക് 14 കിലോമീറ്റര്‍ ദൂരമേയുള്ളുവെന്നതും ഡോണ്‍ ഉപയോഗിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതെന്ന സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഡ്രോണുകള്‍ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരര്‍ പരീക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ വ്യോമസേന കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വീണ് ഡ്രോണുകള്‍ സ്വയം പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് വിവരം. കാര്യമായ നഷ്ടങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ലെന്ന് വ്യോമസേനയും അറിയിച്ചു. സ്ഫോടന ശ്രമത്തില്‍ സംശയമുള്ള കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി.
സര്‍വകക്ഷിയോഗം നടക്കുന്ന സമയത്ത് ശ്രീനഗറിലും ജമ്മുവിലും സ്ഫോടനമുണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതി സുരക്ഷാ മേഖലയില്‍ റഡാറിന്റെ കണ്ണില്‍പ്പെടാതെ എങ്ങനെയാണ് ഡ്രോണ്‍ ആക്രമണം നടത്താനായതെന്നും പരിശോധിക്കുന്നുണ്ട്. യുഎപിഎ കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എയര്‍മാര്‍ഷല്‍ വിക്രം സിങ്ങിന്റെ നേതൃത്വത്തില്‍ വ്യോമസേനയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: