കുന്നത്തൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശാസ്താംകോട്ട – ചവറ പൈപ്പ് റോഡില്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് കാല്‍നട പോലും ദുസ്സഹമായ റോഡിന്റെ ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസ് മുതല്‍ വേങ്ങ കാരാള്‍ മുക്ക് വരെയുള്ള 3 കിലോമീറ്റര്‍ ദൂരമാണ് ടാറിംഗ് നടത്തിയത്.
എന്നാല്‍ 11 കി.മീ ദൂരമുള്ള റോഡില്‍ മൂന്ന് കിലോമീറ്റര്‍ മാത്രം ടാര്‍ ചെയ്തതു കൊണ്ട് പൂര്‍ണ പ്രയോജനം ലഭിക്കില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. കൊല്ലം നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നത്തിന് പണ്ട് സിമന്റ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് പൈപ്പ് റോഡ് സ്ഥാപിച്ചത്. അതിനാല്‍ ഈ റോഡില്‍കൂടി വാഹനഗതാഗതം അനുവദിച്ചിരുന്നില്ല.
പതിറ്റാണ്ടുകളോളം റോഡ് തകര്‍ന്നു കിടന്നതിനെതുടര്‍ന്ന് വലിയ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010ല്‍ ശാസ്താംകോട്ട മുതല്‍ ചവറ വരെ 3 മീറ്റര്‍ വീതിയില്‍ റോഡ് ടാര്‍ ചെയ്തു. പിന്നീട് അറ്റകുറ്റപണികള്‍ മുടങ്ങിയതോടെ റോഡ് വീണ്ടും തകര്‍ന്നു. പ്രതിഷേധം ശക്തമായപ്പോള്‍ 60 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട മുതല്‍ 3 കിലോമീറ്റര്‍ ദൂരം റോഡ് പുനര്‍നിര്‍മ്മിച്ച് ടാര്‍ ചെയ്യാനുള്ള നടപടികള്‍ ഉണ്ടായി. എന്നാല്‍ കാരാളി ജംഗ്ഷന് മുതല്‍ ചവറ ടൈറ്റാനിയം വരെയുള്ള റോഡിന്റെ ബാക്കിഭാഗം ഇപ്പോഴും തകര്‍ന്ന നിലയിലാണ്. റോഡ് പൂര്‍ണമായും പുനര്‍നിര്‍മിച്ചാല്‍ മാത്രമേ നാല് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കുകയുള്ളു എന്നതാണ് പ്രദേശവാസികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: