തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് അറസ്റ്റ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് വി.ശിവന്‍കുട്ടിക്ക് വേണ്ടി പ്രചാരണത്തിനിടെ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും പാടശ്ശേരി ബ്രാഞ്ച് മെമ്പറുമായിരുന്ന ഗോപിക രാജേശ്വരിക്കാണ് മര്‍ദ്ദനമേറ്റത്. തല്ലിയ കടപ്പണ്ടം കിച്ചു എന്ന സായി കൃഷ്ണയ്‌ക്കെതിരെ പാര്‍ട്ടിയിലും പോലീസിലും ഗോപിക പരാതി നല്‍കി. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണിക്കൃഷ്ണന്റെ നിര്‍ദേശമനുസരിച്ചാണ് സായി കൃഷ്ണ മര്‍ദിച്ചത് എന്ന് പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പരാതി നല്‍കി മൂന്ന് മാസമാകാറായിട്ടും ഗോപികയെ മര്‍ദിച്ച സായി കൃഷ്ണയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയാറായില്ല.പോലീസും പാര്‍ട്ടിയും സായി കൃഷ്ണയെ സഗായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടായപ്പോള്‍ അറസ്റ്റിന് നിര്‍ബന്ധിതമാകുകയായിരുന്നു.
സായി കൃഷ്ണയ്‌ക്കെതിരായ പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വന്നതോടെ പിന്നെ ഭീഷണിയായി. ”കേസ് പിന്‍വലിച്ചില്ലെങ്കില്‍ നീ ഈ പാര്‍ട്ടിയില്‍ കാണില്ല” എന്ന് നേതൃത്വം ഭീഷണി മുഴക്കിയതോടെ 22 വര്‍ഷം നീണ്ട പ്രവര്‍ത്തനം അവസാനിപ്പിച്ചു കൊണ്ട് ഗോപിക പാര്‍ട്ടിക്ക് രാജി കത്ത് നല്‍കി.
പോലീസിനു കണ്‍മുന്നില്‍ തന്നെ പ്രതി ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് ഉന്നത സിപിഎം ഇടപെടല്‍ മൂലമായിരുന്നു. പാര്‍ട്ടിയിലും ഡിവൈഎഫ്‌ഐയിലും സായി കൃഷ്ണ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതി എവിടെയാണ് എന്നറിയില്ല എന്ന നിലപാടിലാണ് പോലീസ്. പാര്‍ട്ടി കുടുംബമായിട്ടു പോലും ഗോപികയ്‌ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി നല്‍കിയിട്ടും നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം സ്ത്രീസുരക്ഷയും സ്ത്രീസ്വാതന്ത്രവും പറയുന്ന സിപിഎം നേതൃത്വം തിരിഞ്ഞുനോക്കിയതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: