ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ബഹളങ്ങള്‍ക്കിടയില്‍, കാതടപ്പിക്കുന്ന ശബ്ദവുമായി ഏതോ ഒരു പാസ്സഞ്ചര്‍ ട്രെയിന്‍ കടന്നുപോയി. എവിടെ നിന്നൊക്കെയോ വന്ന ആളുകള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി പലവഴിക്ക് പിരിഞ്ഞു പോയി. സിമന്റ് ബെഞ്ചില്‍ ചാരിവച്ച മുഷിഞ്ഞ സഞ്ചിയില്‍ തലവച്ച് കിടന്നു. അതിനുള്ളില്‍ തിരുകിവെച്ച കുറച്ച് വസ്ത്രങ്ങള്‍, ഒരു ജോഡി തേഞ്ഞ ചെരുപ്പുകള്‍, രണ്ടു ചെറിയ അലുമിനിയം പാത്രങ്ങള്‍ തന്റെ കയ്യില്‍ ഇപ്പോള്‍ ആകെയുള്ള സമ്പാദ്യം.
ട്രോളികള്‍ വലിച്ച് ഓടുന്നവര്‍, വണ്ടി കയറാന്‍ വരുന്നവര്‍, ഭക്ഷണസാധനങ്ങള്‍ വിറ്റ് സ്വന്തം വിശപ്പ് മാറ്റാന്‍ വേണ്ടി ഓടിനടക്കുന്നവര്‍. സ്റ്റേഷന് പരിസരത്ത് എപ്പോഴും തിരക്ക് തന്നെ.
തൊട്ടടുത്തുള്ള ഗുല്‍മോഹര്‍ മരത്തില്‍ നിന്നും, നിലം കാണാതെ അടര്‍ന്ന് വീണുകിടക്കുന്ന ചുവന്ന പൂക്കള്‍. കാറ്റടിക്കുമ്പോള്‍ ലക്ഷ്യമില്ലാതെ പറന്നകലുന്ന ഇതളുകള്‍. മുകളില്‍ നിന്നും അടര്‍ന്നുവീഴുന്ന പൂക്കള്‍ ഒഴിഞ്ഞ സ്ഥാനം വീണ്ടും നിറക്കുന്നു.
മരത്തിനടിയില്‍ കിടക്കുന്ന നായ ഇടക്കിടെ കണ്ണുകള്‍ തുറന്നു നോക്കി വീണ്ടും അടച്ചു. തന്നെപോലെ ആരോരും ഇല്ലാത്ത മറ്റൊരു ജീവി. വല്ലപ്പോഴും തിന്നാന്‍ കിട്ടുന്നതിന്റെ പങ്ക് അതിന് കൊടുക്കുന്നത് കൊണ്ടായിരിക്കും, മുഖത്ത് ഒരു സ്നേഹഭാവം. നീരുവന്ന് വീര്‍ത്ത കാലിന് നല്ല വേദന. വിശപ്പും ദാഹവും സഹിക്കവയ്യാതായിരിക്കുന്നു. സഞ്ചിയിലെ പാത്രം തപ്പി നോക്കി.
”യാത്രിയോ കൃപയാ ധ്യാന്‍…ദേ.”
അടുത്ത വണ്ടി സ്റ്റേഷനില്‍ എത്തിയതിന്റെ ആരവം. തിരക്കിനിടയില്‍ കാലുകള്‍ വലിച്ചുവച്ച് നടന്നു. വിശപ്പിന്റെ കാഠിന്യം നിരന്തരം കുത്തി നോവിച്ചപ്പോള്‍ കയ്യിലെ പാത്രം ആരുടെയൊക്കെയോ മുന്നിലേക്ക് നീട്ടി. പലരും കണ്ടില്ലാന്ന് നടിച്ച് കടന്നുപോയി. ചിലര്‍ ഏതോ വൃത്തികെട്ട ജന്തുവിനെ കാണുന്നതുപോലെ നോക്കി ധൃതിയില്‍ നടന്നകന്നു. വളരെ കുറച്ചുപേര്‍ എറിഞ്ഞു തന്ന നാണയത്തുട്ടുകള്‍ എണ്ണി നോക്കി. പത്ത് രൂപ തികഞ്ഞിട്ടില്ല.
തട്ടുകടയുടെ മുന്നില്‍ നിന്ന് നോക്കി.കണ്ണാടിക്കൂട്ടില്‍ നിറച്ചുവെച്ചിരിക്കുന്ന പലതരം പലഹാരങ്ങള്‍. കയ്യിലുള്ള കാശിന് എന്ത് കിട്ടാന്‍!
”ഗോപാലേട്ടാ ഇന്നെന്തേ വരാന്‍ താമസിച്ചു പോയല്ലോ.” കടക്കാരന് രാജുവിന്റെ ചോദ്യം.
”വരിണില്ലാന്ന് വിചാരിച്ചതാ മോനേ.. വല്ലാണ്ട് വെശന്നപ്പോ എഴുന്നേറ്റ് പോന്നു. ഇന്നാ എട്ടുറുപ്പികണ്ട്. ഇതിന് കിട്ടുന്നത് എന്താന്നുവച്ചാല് എടുത്ത് താ…”
”അതിന് ഞാന്‍ നിങ്ങളോട് കാശൊന്നും ചോദിച്ചില്ലല്ലോ ഗോപാലേട്ടാ… ഇതാ ഇത് കഴിച്ചോളൂ..”
രാജു നല്കിയ അപ്പവും കറിയും കഴിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. കടയില്‍ തിരക്ക് കൂടിയപ്പോള്‍ ബെഞ്ചിലേക്ക് തന്നെ തിരിച്ചു പോന്നു.
എത്രകാലമായി ഇങ്ങനെ കഴിയുന്നു!
കണക്കുകളൊന്നും പറയാതെ രാജു ഓരോ ഭക്ഷണ സാധനങ്ങള്‍ തരുന്നതു കൊണ്ട് ജീവിച്ചു പോകുന്നു. സ്വന്തം മക്കള്‍ക്കില്ലാത്ത സ്നേഹം ഈ കുട്ടിക്ക് തോന്നുന്നുവല്ലോ. ജീവിത സായാഹ്നത്തില്‍ എന്തിന് ഈയൊരു നരകജീവിതം തനിക്കു വിധിക്കപ്പെട്ടു? ദിവസവും തന്നോടുതന്നെ പലപ്രാവശ്യം ചോദിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യം.
സ്റ്റേഷനടുത്തുള്ള പുറമ്പോക്കിലെ ചെറിയ വീട്ടില്‍ അമ്മയോടൊത്ത് കഴിഞ്ഞ കുട്ടിക്കാലം. കാലം തെളിയിച്ച വഴിയില്‍ കൂടിയുള്ള സഞ്ചാരം. മഴ കനത്ത ഒരു രാത്രിയില്‍ അമ്മ യാത്രപറഞ്ഞ് പിരിഞ്ഞുപോയപ്പോള്‍ അനാഥത്വത്തിന്റെ കനത്ത മൂടുപടത്തിനുള്ളില്‍ ഏകാന്തതയുടെ കൂട്ടുകാരനായി മാറി. സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയായി ജോലി കിട്ടിയപ്പോള്‍ കൈവന്ന ആത്മവിശ്വാസം ജീവിതത്തിന് നിറമേകി. യൗവ്വനം സപ്തവര്‍ണ്ണങ്ങളും വിടര്‍ത്തിയ നാളുകളിലെന്നോ കുപ്പിവളകള്‍ വിറ്റ് നടന്നിരുന്ന പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നുവന്നു. വിമലയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ അറിയാതെ വിടരുന്ന പുഞ്ചിരി. നെഞ്ചിലെവിടെയോ അനുരാഗത്തിന്റെ വളകിലുക്കം.
”ഈ കിളവന് ഈ ബെഞ്ച് അങ്ങോട്ട് തീറെഴുതി എടുത്തതാണോ? എപ്പോ നോക്കിയാലും ഇവിടെ തന്നെ ആണല്ലോ… ഒന്നിരിക്കാന്‍ സ്ഥലമില്ല. ഇതിനൊക്കെ വേറെ എവിടെയെങ്കിലും പോയിക്കിടന്നൂടെ?” ആരുടെയോ ശാപവാക്കുകള്‍.
”ഇല്ല മക്കളെ. എനിക്ക് പോവാനൊരു ഇടമില്ല. നിങ്ങളെപ്പോലെ രണ്ട് ആണ്മക്കള്ക്ക് ജന്മം നല്കിയവനാണ് ഞാന്‍. പക്ഷെ അവരെവിടെ?” മൗനമായി ഉള്ളകം തേങ്ങി. നെഞ്ചില്‍ ഭാരിച്ച കല്ലുകള്‍ നിറച്ചത് പോലെ ശ്വാസം തിങ്ങുന്നു.
”രണ്ട് മക്കളെ കയ്യില്‍ തന്ന്, ഞങ്ങളെ തനിച്ചാക്കി നീ എന്തിന് തിരിച്ചു പോയി വിമലേ? നിന്റെ ഗോപാലേട്ടന് തീര്‍ത്തും നിസ്സഹായനായിരിക്കുന്നു. നിന്റെ അടുത്തേക്ക് ഓടിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ സ്വയം ജീവനൊടുക്കുവാന്‍ കഴിയുന്നില്ലല്ലോ. നമ്മള് പൊന്നുപോലെ വളര്‍ത്തിവലുതാക്കിയ മക്കള്‍ ഈ ലോകത്തില്‍ ഉണ്ടെന്നുള്ള കാര്യം എന്നെ ആഹ്ലാദിപ്പിക്കുന്നു. അവര്‍ എന്നെങ്കിലും ഈ അച്ഛനെ ഒന്ന് കാണാന്‍ വന്നെങ്കിലോ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ യാത്ര ചെയ്യുന്ന അവസരങ്ങളില്‍ എന്നെങ്കിലും അവര്‍ ഈ സ്റ്റേഷന് വഴി വന്നാലോ? ഒരു നോക്ക് കാണാന്‍ കണ്ണുകള്‍ തുടിക്കുന്നു. നീ ആഗ്രഹിച്ചതുപോലെ നമ്മുടെ മക്കള്‍ രണ്ടുപേരും ഉദ്യോഗസ്ഥരായി. അവര്‍ക്ക് കുടുംബമായി. നീ അറിയുമോ ഞാനും നീയും മുത്തച്ഛനും മുത്തശ്ശിയും ആയിരിക്കുന്നു. നമ്മുടെ കൊച്ചുമക്കളെ ഒന്ന് കൊതി തീരെ കാണാന്‍ എനിക്ക് കഴിഞ്ഞില്ല. നമ്മള് അദ്ധ്വാനിച്ചുണ്ടാക്കിയ നാല് സെന്റ് ഭൂമിയും ആ കൊച്ചു വീടും ഇന്നു നമ്മുടേതല്ല.
ആ വീടിന് സൗകര്യമില്ലത്രേ. അതവര് വിറ്റുകളഞ്ഞു. നീ പോയാലും ആ ദുഃഖം അറിയിക്കാതെയാണ് ഞാന്‍ അവരെ വളര്‍ത്തിയത്. എന്നിട്ടും ഈ അച്ഛന് എന്തേ അവര്‍ക്ക് ഭാരമായിത്തീര്‍ന്നത് എന്ന് മനസ്സിലാവുന്നില്ലല്ലോ. ഒരുപക്ഷേ നീയും കൂടി ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല എന്നെനിക്കു തോന്നുന്നു.
ഈ സ്റ്റേഷനില്‍ ഇനി എത്രകാലം?
പോലീസുകാര്‍ രണ്ടുതവണയായി വന്ന് ഇവിടെ കിടക്കരുത് എന്നു പറയുന്നു. ഇനി അധികനാള്‍ ഇവിടെ കഴിയാന്‍ പറ്റില്ല. ഞാന്‍ എവിടേക്ക് പോവും? എന്നാലും കുട്ടികളെ ശപിക്കാന്‍ തോന്നുന്നില്ല. എവിടെയാണെങ്കിലും അവര്‍ സുഖമായിരിക്കട്ടെ.
”യാത്രിയോം കൃപയാ ധ്യാന്‍ ദേ” സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വണ്ടി അതിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചിരിക്കുന്നു. സ്റ്റേഷനിലെ ശബ്ദകോലാഹലങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് കാറ്റിലലിഞ്ഞു പോയി. വണ്ടി മല തുളച്ച് മറഞ്ഞു പോയിട്ടുണ്ടാവും… കനം തൂങ്ങിയ കണ്ണുകള്‍ മെല്ലെ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: