തിരുവനന്തപുരം : ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് അതാണ്് വര്‍ക്കല പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ എന്ന വനിത ഓഫീസറുടെ ജീവിതം. സിനിമാ കഥയെ വെല്ലുന്ന ജീവിതമെന്നൊക്കെ വേണമെങ്കില്‍ നമുക്കിതിനെ ഉപമിക്കാം. പക്ഷേ അതിനേക്കാള്‍ വലിയ ട്രാജഡികളെയാണ് ആനി ശിവ അതിജീവിച്ചത്. അവരുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ അവസ്ഥ. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ടപ്പോള്‍ ജീവിതത്തോട് ത്ന്നെ പോരാടാനായിരുന്നു ആനി ശിവയുടെ തീരുമാനം. അവര്‍ ഇന്ന് എത്തിയതോ പത്തുവര്‍ഷം മുമ്പ് വര്‍ക്കലയില്‍ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച അതേസ്ഥലം ഉള്‍ക്കൊള്ളുന്ന വര്‍ക്കല പോലീസ് സ്റ്റേഷനില്‍. അതും സബ് ഇന്‍സ്പെക്ടറായി.
ആനി ശിവ എന്ന പോലീസ് ഓഫീസറുടെ കാഞ്ഞിരംകുളം കെഎന്‍എം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. ഇതോടെ വിശപ്പടക്കാനോ കേറിക്കിടക്കാന്‍ പോലും ഒരുസ്ഥലമില്ലാതായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനം അവിടേയും തലപൊക്കി. ഇതോടെ അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.
കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി. കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി. മകന് ശിവസൂര്യയുടെ അപ്പയായി.
2014-ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്ഐ പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്ഐ പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്ഐയായി ആദ്യനിയമനം.
” എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള് ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു.” ആനി ശിവ ഫേസ്ബുക്കില്‍ കുറിച്ചതാണ് ഈ വരികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: