കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണ്ണക്കടത്തില്‍ സിപിഎമ്മിന്റെ പങ്ക് സുവ്യക്തമായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സഹകരണ ബാങ്ക് വഴിയാണ് സ്വര്‍ണ്ണക്കടത്ത് പണമിടപാട് നടന്നത്. കള്ളക്കടത്തിന് ഉപയോഗിച്ച കാര്‍ സിപിഎം നേതാവിന്റേതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ ജീവനക്കാരനാണ് ഇയാള്‍. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിന്റെ നടത്തിപ്പുകാരന്. ഇയാള്‍ക്കും അര്ജുന് ആയങ്കിയുമായി നല്ല ബന്ധമാണുള്ളതെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന് ആരോപിച്ചു.
രാമനാട്ടുകര സംഭവത്തിന് പിന്നില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളവരുടെ കള്ളക്കടത്ത് സംഘമാണെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം എവിടെയും എത്താത്തതിന് കാരണം ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഗുണ്ടകളും സൈബര്‍ സഖാക്കളുമായതുകൊണ്ടാണ്. കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാന്‍ സ്വാതന്ത്യമുള്ളവരാണ് പ്രതികള്‍. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷന്‍ സംഘത്തിനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി. കള്ളക്കടത്ത് നടത്തുന്നതും സമരം ചെയ്യുന്നതും സിപിഎമ്മാണെന്നും സുരേന്ദ്രന് ആരോപിച്ചു.
കേരളത്തില്‍ അഞ്ച് കൊല്ലം കൊണ്ട് എത്ര സ്ത്രീ പീഡനമാണ് നടക്കുന്നത്. വനിതാ കമ്മീഷന് അദ്ധ്യക്ഷ തന്നെ പരസ്യമായി പൊലീസിനെ തള്ളിപറയുന്നു. വനിതാ കമ്മീഷന് സ്ഥാനത്തിരുന്ന് കുറ്റവാളികള്‍ക്ക് അനുകൂലമായി സംസാരിച്ച ജോസഫൈനെ എന്തുകൊണ്ടാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും മാറ്റാത്തത്.
മരം മുറിക്ക് പിന്നിലും സിപിഎം തന്നെയാണ്. കള്ളക്കടത്തും മരംമുറിയും സ്ത്രീപീഡനവും എല്ലാം സര്‍ക്കാരിന്റെ തണലിലാണ് നടക്കുന്നത്. ഈ കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ പൊലീസ് കസ്റ്റംസിനോട് നിസഹകരിക്കുകയാണെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വി.കെ സജീവന്, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: