തിരുവനന്തപുരം: വനം കൊള്ളയില്‍ മുന്‍ വനം മന്ത്രിയുടെ ഓഫീസിനും ബന്ധം. മുട്ടില്‍ മരം മുറിക്കേസിലെ പ്രതി റോജി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും ഫോണില്‍ വിളിച്ചെന്ന് സമ്മതിച്ച് മുന്‍ വനം മന്ത്രി കെ. രാജുവിന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ജി. ശ്രീകുമാര്‍. ഒരു തവണ റോജി അഗസ്റ്റിന് ഓഫീസിലെത്തി തന്നെ കണ്ടതായും ശ്രീകുമാര്‍ മാധ്യമങ്ങളോട് സമ്മതിച്ചു.
പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്കിയ വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിറ്റേന്ന് റോജി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ സമ്മതിച്ചിരിക്കുന്നത്. പ്രതികളുമായി ശ്രീകുമാര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അടക്കം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം. ഉത്തരവ് റദ്ദാക്കിയതിന് പിറ്റേന്ന് രാവിലെ 9.30നു പ്രതി ആന്റോ അഗസ്റ്റിന് ശ്രീകുമാറിനെ വിളിച്ചു.
കോള്‍ ഒരു സെക്കന്റില്‍ കട്ടായി. ശ്രീകുമാര്‍ തൊട്ടുപിന്നാലെ ആന്റോയെ തിരികെവിളിച്ച് 83 സെക്കന്‍ഡ് സംസാരിച്ചു. അന്ന് ഉച്ചയോടെയാണ് മുട്ടിലില്‍ നിന്നും മുറിച്ചിട്ട 54 കഷണം ഈട്ടിത്തടി ലക്കിടി ചെക്പോസ്റ്റ് വഴി പരിശോധനയില്ലാതെ കടത്തുന്നത്. ഫെബ്രുവരി 17, 25 തീയതികളും ശ്രീകുമാര്‍ ആന്റോയെ വിളിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തവെയാണ് പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടന്ന് ശ്രീകുമാര്‍ സമ്മതിച്ചത്.
മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം. ഫോണില്‍ വിളിക്കുകമാത്രമല്ല ഒരു തവണ ഓഫീസില്‍ വന്ന് കാണുകയും ചെയ്തുവെന്നും ശ്രീകുമാര്‍ സമ്മതിച്ചു.
വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നാലെയാണ് ആന്റോയുടേയും റോജിയുടേയും വിളിയെത്തിയത് എന്ന് പറയുന്നു. എന്നാല്‍ ഉത്തരവ് റദ്ദാക്കിയ കാര്യം പോലും അറിഞ്ഞിരുന്നില്ല. ഉത്തരവ് റദ്ദാക്കിയത് റവന്യു വകുപ്പില്‍ നിന്നാണ്. സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോള്‍ അതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്ക്കുന്നു എന്നും സഹായിക്കണം എന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അവര്‍ക്ക് സഹായം ചെയ്തില്ലെന്ന് വ്യവസ്ഥാപിതമായ രീതിയില്‍ അപേക്ഷ നല്‍കണമെന്നുമുള്ള മറുപടിയാണ് നല്‍കിയത്. ഡിഎഫ്ഒയെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും ശ്രീകുമാര്‍ പറഞ്ഞു. ഡിഎഫ്ഒയെ അവിടെ തന്നെ നിലനിര്‍ത്തിയത് കൊണ്ടാണ് മരംമുറി ക്രമക്കേട് തയാനായതെന്നും മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കല്‍ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീകുമാറിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: