തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് തന്റെ സ്ഥാപനങ്ങളില്‍ ജോലി നല്‍കില്ലെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിനിമാ സംവിധായകനുമായ സോഹന്‍ റോയ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ജീവനക്കാര്‍ തന്റെ സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞു പോകേണ്ടിവരുമെന്നും, നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സോഹന്‍ റോയ് വ്യക്തമാക്കി.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘യുടെ ഭാഗമായ നയരേഖ, തൊഴില്‍ കരാറിന്റെ ഭാഗമാക്കുകയാണ് കമ്പനി . സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധ പ്രശ്നങ്ങളുണ്ടായാല്‍, അതിലെ നിയമപരമായ അനുബന്ധ നടപടികള്‍ സ്ഥാപനം ഏറ്റെടുത്ത് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ഏരീസ് ഗ്രൂപ്പ് വ്യക്തമാക്കുന്നു.
നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതിയതായി ജോലിക്ക് കയറുന്നവര്‍ക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നല്‍കേണ്ടിവരും. ഈ നയം പില്ക്കാല പ്രാബല്യത്തോടെയല്ല നടപ്പാക്കുന്നതെങ്കിലും, ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാല്‍, അത് ഗുരുതരമായ നയ ലംഘനമായി കണക്കാക്കുകയും, അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്ഥാപനം സ്വീകരിക്കുന്നതുമായിരിക്കും.
ലോകത്ത് തന്നെ ആദ്യമായാണ് സ്ത്രീധന നിരാകരണ സമ്മതപത്രം ഒരു സ്ഥാപനം തൊഴില്‍ കരാറിന്റെ ഭാഗമാക്കുന്നത്, ഒരു ഇന്ത്യന്‍ സ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ അതില്‍ അഭിമാനിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: