അഹമ്മദാബാദ്: ‘മോദി’ എന്ന പേരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനെതിരായ ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച സൂറത്തിലെ കോടതിയില്‍ ഹാജരായേക്കും. ഗുജറാത്തില്‍നിന്നുള്ള എംഎല്‍എ പുര്‍ണേഷ് മോദിയാണ് അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് രാഷ്ട്രീയ എതിരാളിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരിഹാസമാണ് വിവാദമായത്. ‘എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത് എന്തുകൊണ്ട്’ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
2019 ഒക്ടോബറില്‍ കോടതിക്കു മുന്പില് ഹാജരായി തെറ്റുകാരനല്ലെന്ന് അദ്ദേഹം വാദിച്ചിരുന്നു. എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുണ്ടെന്ന് പരാമര്‍ശിച്ച് തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്ന് വാദത്തിനിടെ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. രാവിലെ പത്തിന് സൂറത്തിലെത്തുന്ന രാഹുല്‍ ഗാന്ധി കോടതി നടപടികള്‍ക്കുശേഷം 12.30ന് നഗരം വിടുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവ്ദ പറഞ്ഞതായി ദേശീയ മാധ്യമം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും കോടതിയുമായി ബന്ധപ്പെട്ട് മാത്രമെന്നും അദ്ദേഹം വിശദീകരിച്ചു.
2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ‘നീരവ് മോദി ലളിത് മോദി നരേന്ദ്രമോദി, അവരുടെ പേരുകളില്‍ മോദിയെന്ന പേര് പൊതുവായി എങ്ങനെ വന്നു’ എന്നാണ് രാഹുല്‍ ഗാന്ധി അന്ന് ആരോപിച്ചത്. ലളിത് മോദിയും നീരവ് മോദിയും സാമ്പത്തി കുറ്റുകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് രാജ്യം വിട്ടവരാണ്. പരാമര്‍ശംവഴി മോദി സമൂഹത്തയാകെ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന് പശ്ചിമ സൂറത്തില്‍നിന്നുള്ള എംഎല്‍എയായ പുര്‍ണേഷ് മോദി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: