കോട്ടയം: ജലഗതാഗതം ഏറെ പ്രചാരത്തിലിരുന്ന കാലം കുടമാളൂര്‍ കമ്പനിക്കടവ് രാജകീയപ്രൗഢിയോടെ വിലസിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടനാട്ടില്‍ നിന്നും ആലപ്പുഴയില്‍ നിന്നുപോലും വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ എത്തിയിരുന്നതും മലഞ്ചരക്കുകളും സുഗന്ധദ്രവ്യങ്ങളും കയറ്റിപ്പോയിരുന്നതും ഈ കമ്പനിക്കടവില്‍ നിന്നായിരുന്നു.
അതോടൊപ്പം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും ചായക്കടകളും രോഗികളെ പരിശോധിച്ച് മരുന്നു നല്‍കിയിരുന്ന ഡിസ്പെന്‍സറിയും മാത്രമല്ല നെല്ലുകുത്തു മില്ലും കാളകള്‍ വലിക്കുന്ന എണ്ണയാട്ടുന്ന ചക്കും ചെറുവള്ളത്തില്‍ എത്തിക്കുന്ന മത്സൃ വിപണനവും എല്ലാം ഇവിടെ ഉണ്ടായിരുന്നു.
അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.
കുടമാളൂര്‍ ചെമ്പകശ്ശേരി രാജകൊട്ടാരത്തിനു സമീപത്തുകൂടി ഒഴുകുന്ന മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് ചെറുതോട്ടിലൂടെയാണ് കമ്പനിക്കടവില്‍ വലിയ കെട്ടുവള്ളങ്ങള്‍ എത്തിയിരുന്നത്. നിരവധി റോഡുകള്‍ ഉണ്ടാകുകയും വാഹന ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ കമ്പനിക്കടവിന്റെ പ്രാധാന്യവും ക്രമേണ കുറഞ്ഞു വന്നു. പിന്നീട് വലിയ കെട്ടുവള്ളങ്ങള്‍ ചരക്കുകളുമായി തോട്ടിലൂടെ കടന്നു വരാതായി.
ജനങ്ങള്‍ എത്താതായതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും പൂട്ടുവീണു. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ കോട്ടയത്തുനിന്നും മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ബൈപ്പാസ് റോഡും വന്നു. ഇതോടെ കമ്പനിക്കടവിന്റെ എല്ലാ പ്രൗഢിയും അവസാനിച്ചു.
ഇന്ന് തോടിന് ആഴം കുറഞ്ഞു. വെള്ളമില്ലാത്ത തോട്ടില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും മാത്രം. തോടിന്റെ വശങ്ങള് കയ്യേറി മതില്‍കെട്ടി. സമീപത്തുണ്ടായിരുന്ന കൃഷി നിലം മണ്ണിട്ടുയര്‍ത്തി പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നു. കടവിന്റെ പഴയകാല ഓര്‍മ്മകള്‍ വിളിച്ചറിയിക്കുന്ന ഏതാനും കല്‍പ്പടവുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
കാലം വരുത്തിയ മാറ്റമോ വികസനത്തിന്റെ പുതിയ മുഖമോ എന്തായാലും, ഇവിടെ ചരിത്രം ഉറങ്ങുകയാണ്.
ടി.കെ. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: