തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം അടങ്ങിയ പാഴ്സല്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്വപ്ന സുരേഷിനെ ശിവശങ്കര്‍ നിരന്തരം വിളിച്ചിരുന്നുവെന്ന് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്.
സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോണ്‍ കൂടാതെ ജന്മദിന സമ്മാനങ്ങളായി ലാപ്ടോപ്, 2 വാച്ച് എന്നിവയും ശിവശങ്കറിനു സ്വപ്ന നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. സ്വപ്നയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ ശിവശങ്കര്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ സംശയകരമായ ചില ഇടപാടുകളെപ്പറ്റി അറിഞ്ഞ ഏക വ്യക്തി സ്വപ്നയാണെന്നതിനാലാണ് അവര്‍ക്കു കോണ്‍സുലേറ്റിലെ ജോലി രാജിവയ്ക്കേണ്ടി വന്നതെന്നു ശിവശങ്കറിന്റെ മൊഴിയുണ്ട്. ഇത്തരം ഇടപാടുകള്‍ സ്വപ്നയിലൂടെ തന്റെ പിന്‍ഗാമി അറിയരുതെന്നു കോണ്‍സല്‍ ജനറലിനു നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാ വിശദാംശങ്ങളും ശിവശങ്കറിനോടു സ്വപ്ന പങ്കുവച്ചിരുന്നു.
2020 ജൂലൈ ഒന്നിനാണു പാഴ്സല്‍ തടഞ്ഞത്. ജൂലൈ 12നു ബെംഗളൂരുവില്‍ വച്ച് സ്വപ്ന എന്‍ഐഎയുടെ പിടിയിലാകുന്നതു വരെ ശിവശങ്കര്‍ അവരെ നിരന്തരം വിളിച്ചിരുന്നു. സ്വപ്ന ബെംഗളൂരിലേക്ക് ഒളിച്ചു കടക്കുന്നതിനിടെയില്‍ ശിവശങ്കര്‍ വാട്സ്ആപ്പ് വഴി പലതവണ വിളിച്ചിരുന്നതായി ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സന്ദീപിന്റെ മൊഴിയിലും പറയുന്നുണ്ട്.
നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നു. കോണ്‍സുലേറ്റ് വഴി കള്ളക്കടത്തു നടക്കുന്നതായി സംസ്ഥാന ഇന്റലിജന്‍സിനു വിവരമുണ്ടെന്നും സൂക്ഷിക്കണമെന്നും തങ്ങളോടു ശിവശങ്കര്‍ പറഞ്ഞതായി സ്വപ്നയും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്. കള്ളക്കടത്ത് നിര്‍ത്തിയാല്‍ വിദേശത്തെ സ്റ്റാര്‍ട്ടപ്പില്‍ ജോലി ശരിയാക്കിത്തരാം. അല്ലെങ്കില്‍ സാനിറ്ററിവെയര്‍ ഡീലര്‍ഷിപ് ശരിയാക്കാമെന്നും ശിവശങ്കര്‍ സരിത്തിനു വാഗ്ദാനം നല്‍കിയെന്ന മൊഴി മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം കോണ്‍സുലേറ്റില്‍ ചില രഹസ്യ ഇടപാടുകള്‍ നടക്കുന്നുവെന്നു സ്വപ്ന സൂചിപ്പിച്ചതല്ലാതെ കോണ്‍സുലേറ്റ് വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിരുന്നത് തനിക്ക് അറിയില്ലെന്നാണ് ശിവശങ്കര്‍ കസ്റ്റംസ് മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: