ഇടുക്കി: പരിസ്ഥിതി പുനസ്ഥാപനം എങ്ങനെ പ്രകൃതിയെ മാറ്റി മറിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് മൂന്നാറിന് സമീപം ആനമുടി ചോല ദേശീയോദ്ധ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ചോലയുടെ ഭാഗമായ പഴത്തോട്ടത്ത് ആണ് പച്ചപ്പട്ടു പുതച്ചപോലെ നില്‍ക്കുന്ന പുല്‍മേടുകള്‍ മനോഹര കാഴ്ചയാകുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇവിടം യൂക്കാലിയും ബാറ്റിലും നിന്ന പ്രദേശങ്ങളായിരുന്നുവെങ്കില്‍ ഇന്ന് ഇത് വന്യമൃഗങ്ങള്‍ യഥേഷ്ടം തീറ്റതേടാനെത്തുന്ന പുല്‍മേടുകളാണ്.
രണ്ടു വര്‍ഷം മുമ്പ് ദേശീയോദ്യാനത്തിലെ യൂക്കാലിയും വാറ്റിലും നിന്നിരുന്ന പ്രദേശം അഗ്‌നിക്കിരയായിരുന്നു. ഈ പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടുവര്‍ഷം മുമ്പ് പുല്‍മേടകളാക്കുന്ന പ്രവൃത്തി തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പാര്‍ക്കിലെ 50 ഹെക്ടര്‍ പ്രദേശം പുല്‍മേടുകളാക്കാന്‍ തീരുമാനിച്ചത്.
സ്വാഭാവിക പുല്ലിനമായ മുത്തങ്ങപുല്ലും, കറുക പുല്ലും ആണ് വച്ചു പിടിപ്പിച്ചിരിക്കുന്നത്. യുഎന്‍ഡിപിയുടെ സഹായത്തോടെ തുടങ്ങിയ പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 20 ഹെക്ടറോളം സ്ഥലം പുല്‍മേടായി മാറിക്കഴിഞ്ഞു. 2023-ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അരുണ്‍ ബി. നായര്‍ ജന്മഭൂമിയോട് പറഞ്ഞു.
മരങ്ങള്‍ നിന്ന പ്രദേശം പുല്‍മേടുകളായി മാറിയതോടെ കാട്ടുപോത്തും മാനും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ സ്ഥിരമായി മേയാനെത്തുന്നുണ്ട്. ഇതോടെ മേഖലയിലെ കാട്ടുപോത്തുകള്‍ മൂലമുള്ള കൃഷിനാശവും ഇല്ലാതായി. പുല്‍മേടുകളായതോടെ പ്രദേശത്ത് ഒരു അരുവിയും പ്രത്യക്ഷപ്പെട്ടതായും അത് താഴെയുള്ള പ്രദേശമായ ചിലന്തിയാറിന് സമീപം താമസിക്കുന്ന പ്രദേശവാസികള്‍ക്ക് വേനല്‍ക്കാലങ്ങളില്‍ ജല ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വട്ടവട പഞ്ചായത്തില്‍പ്പെട്ട ജണ്ടമല, പഴത്തോട്ടം മലനിരകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളം കുടിക്കുന്ന മരങ്ങളൊഴിവാക്കി സ്വാഭാവിക സസ്യങ്ങള്‍ വളര്‍ത്തുകയും ഇവ മൃഗങ്ങള്‍ക്ക് ആഹാരമാകുക എന്നതുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹരിതവസന്തം എന്ന പേരില്‍ രാജ്യത്ത് തന്നെ ആദ്യമായി പ്രകൃതി പുനസ്ഥാപനം എന്ന ലക്ഷ്യത്തോടെ ഒരു ഇക്കോ ഡെവലപ്പ്‌മെന്റ സൊസൈറ്റിയുമുണ്ടാക്കി. സ്ഥലത്ത് കുറിഞ്ഞി തൈകളും ചോല മരങ്ങളും നട്ട് പിടിപ്പിക്കുന്ന ജോലി തുടരുകയാണ്.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. 2004ലാണ് ആനമുടിച്ചോല ദേശീയോദ്യാനമായി തെരഞ്ഞെടുക്കപ്പെട്ടത്. മറയൂര്‍ വില്ലേജില്‍പ്പെട്ട ചോലയ്‌ക്ക് 7.5 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: